Wednesday, September 7, 2011

രണ്ടു പെണ്‍കുട്ടികളും മൂന്നു അമ്മമാരും...പിന്നെ നമ്മളും


ഇത് എഴുതാതെ പറ്റില്ലാ.....ഒന്നും കിട്ടാനോ കൊടുക്കാനോ വേണ്ടിയല്ല എന്‍റെ ഈ പോസ്റ്റ്‌...ഒരു മനസമാധാനത്തിനു വേണ്ടി മാത്രം..

ആദ്യത്തെ പെണ്‍കുട്ടി..

പേര് മെലീസ്സ....
വയസ്സ്..പത്ത്
പഠനം...ഏറണാകുളം ജില്ലയിലെ പ്രശസ്തമായ ഒരു പബ്ലിക്‌ സ്കൂളില്‍
ഇഷ്ട ഭക്ഷണം...സാന്‍ഡ് വിച്ച്
മാതാ പിതാക്കള്‍....ഒസ്ട്രലിയയില്‍

ഈ പെണ്‍കുട്ടിയും അവളുടെ ജീവിതവും വളരെ യാദൃശ്ചികമായി ആണ് എന്‍റെ മനസ്സില്‍ ഇടം പിടിച്ചത്...

വാചാലയായ ഒരു സ്ത്രീ..അതാണ്‌ ഈ കുട്ടിയുടെ അമ്മയെക്കുറിച്ച് എനിക്ക് തോന്നുന്നത്..മാതൃ വാത്സല്ല്യം ആവോളം ഇവരിലുണ്ട്..നാട്ടിലെ സ്കൂളില്‍ തന്‍റെ മകളെ വിട്ടത്,അവള്‍ ഇവിടെ ഈ സായിപ്പിന്‍ പിള്ളേരുടെ കൂടെ വളര്‍ന്നു വഴി തെറ്റി പോകാതിരിക്കാന്‍ വേണ്ടിയാണ് എന്നതാണ് അവരുടെ പക്ഷം..

ആയിരിക്കാം.....ഏതൊരു മാതാവും ചിന്തിക്കുന്നത് പോലെ അവരും ചിന്തിച്ചു...

മേലീസ്സയെക്കുറിച്ച് പറയുമ്പോള്‍,..... ആ സ്ത്രീ , മാതൃ സ്നേഹം എന്ന അവാച്യമായ അനുഭൂതിയില്‍ സ്വയം മുങ്ങിത്താഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....

അതാണ്‌ അമ്മ...അവള്‍ ഒരു സ്ത്രീ എന്ന തലത്തില്‍ നിന്നും ദൈവ തുല്യതയിലേക്ക് എത്തുമ്പോള്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്ന പ്രകാശം...സ്നേഹത്തിന്‍റെ പ്രകാശം,കരുതലിന്റെ പ്രകാശം...

സ്വന്തം മകളായ മേലീസ്സയെ പറ്റി സംസാരിക്കുമ്പോള്‍ ഈ പ്രകാശം ആ സ്ത്രീ ചുറ്റും ഉള്ളവരിലേക്ക് പ്രസരിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്....

ആ സ്ത്രീയെ ഞങ്ങള്‍ ചേച്ചി എന്നാണു വിളിക്കുന്നത്‌.സ്വദേശം മധ്യതിരുവിതാംകൂര്‍...അങ്ങനെ പറയുകയേ നിവര്‍ത്തിയുള്ളൂ..കാരണം ഇവര്‍ ഒരു പ്രതീകം മാത്രം..എത്രയോ എന്‍ ആര്‍ ഐ അമ്മമാരില്‍ ഒരാള്‍ .....അച്ഛനെ എന്തേ പാടെ ഒഴിവാക്കിയത് എന്ന് ചോദിച്ചാല്‍??...ഇത് അമ്മയും മകളും തമ്മിലുള്ള ഒരാത്മ ബന്ധത്തിന്‍റെ കഥയാണ്‌ എന്ന് പറഞ്ഞ് ഒഴിയാനേ എനിക്കിപ്പോള്‍ പറ്റുള്ളൂ...

മെലീസ്സ....ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല....ഈ അമ്മ പറഞ്ഞുള്ള അറിവ് മാത്രം...

സുന്ദരിയായ ഒരു കൊച്ചു മിടുക്കി...നാട്ടില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നു..അഞ്ചാം ക്ലാസ്സില്‍...
ദിവസവും രാത്രി അമ്മയുടെ ഫോണ്‍ കാള്‍ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി..എല്ലാ ദിവസവും ബ്രേക്ക്‌ ഫാസ്റ്റ് ഇഡലിയും ചമ്മന്തിയും ആയതിന്‍റെ പേരില്‍ അമ്മയോട് പരാതി പറയുന്ന ഒരു കുഞ്ഞ്...കൂട്ടുകാരുടെ അമ്മമാര്‍ എല്ലാ മാസവും അവരെ കാണാന്‍ വരുകയും ഇഷ്ട്ട ഭക്ഷണം കൊടുക്കുകയും ചെയ്യുമ്പോള്‍ തന്നെ കാണാന്‍ അപ്പൂപ്പനും അമ്മൂമ്മയും വരുന്നതിനെക്കുറിച്ച് പരാതി പറയുന്ന ഒരു പാവം പെണ്‍കുട്ടി...

എല്ലാ മൂന്നു മാസം കൂടുമ്പോഴും സ്കൂളില്‍ നിന്നും ടൂര്‍..പല സ്ഥലങ്ങളിലേക്ക്....അപ്പോളും അവളുടെ കൂട്ടുകാരെ കാണാന്‍ അവരവരുടെ അമ്മമാരും അച്ചന്മാരും...

അഡ്മിഷന്‍ ഫീ ഒരു ലക്ഷം രൂപ,കൂടാതെ ഓരോ മാസത്തെയും സ്കൂള്‍ ഫീസ്‌ പതിനയ്യായിരം രൂപ....ഇതില്‍ മൂന്നു നേരം ഉള്ള ഭക്ഷണം,താമസം....തുടങ്ങി കുട്ടികളുടെ ഔട്ട്‌ ഡോര്‍ ഗെയിംസ് വരെ ഉള്‍പ്പെടും..
ഔട്ട്‌ ഡോര്‍ ഗെയിംസ് എന്തൊക്കെയാണെന്നോ....വോളിബോള്‍ ,ഫുട്ബോള്‍ എന്നിങ്ങനെ തുടങ്ങി ഹോഴ്സ് രൈടിംഗ് വരെ....

ഈ ചിലവൊക്കെ എങ്ങനെ വഹിക്കും എന്ന് ഞാന്‍ ഒരിക്കല്‍ ആ സ്ത്രീയോട് ചോദിച്ചു...ചിരിച്ചു കൊണ്ട് അവര്‍ മറുപടി പറഞ്ഞു.."ഇവിടെ ഓവര്‍ ടൈം ചെയ്യുന്നത് , കാശിനോടുള്ള ആര്‍ത്തി കൊണ്ടല്ല....മോളെ നല്ലപോലെ വളര്‍ത്തണം,നല്ല വിദ്യാഭ്യാസം കൊടുക്കണം,അവള്‍ക്കു നല്ല ഒരു ഭാവി ഉണ്ടാവണം...""

അതാണ്‌ അമ്മ, അതാണ്‌ സ്നേഹം, അതാണ്‌ ഈശ്വരന്‍...എല്ലാ അമ്മമാരും ഇങ്ങനെയാണ് എന്ന് എന്നെ ഭോധ്യപ്പെടുത്തിയത് രഞ്ജിനിയുടെ അമ്മയായിരിന്നു...

രഞ്ജിനി...അവളാണ് ഈ കഥയിലെ രണ്ടാമത്തെ പെണ്‍കുട്ടി...

വെറുതെ ഇരുന്നപ്പോള്‍ ചാറ്റ് ചെയ്യാന്‍ കിട്ടിയ എന്‍റെ ഒരു സുഹൃത്താണ് രണ്ജിനിയെക്കുറിച്ച് എന്നോട് പറഞ്ഞത്...മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ വരുന്ന "വിശ്വസിച്ചാലും ഇല്ലെങ്കിലും "എന്ന പ്രോഗ്രാം കാണാന്‍ എന്നോട് അവന്‍ ആവശ്യപ്പെട്ടു...അങ്ങനെ മലയാളം ട്യൂബ് ഡോട്ട് കോം എന്ന വെബ്‌ സൈറ്റില്‍ ഉള്ള "വിശ്വസിച്ചാലും ഇല്ലെങ്കിലും"എന്നുള്ള പ്രോഗ്രാം ഞാന്‍ കണ്ടു.....(ഇവിടെ ഞങ്ങള്‍ മല്ലൂസിന് മലയാളം ചാനല്‍ പരിപാടി കാണണമെങ്കില്‍ ഈ വെബ്‌ സൈറ്റ് കാണുകയെ നിവര്‍ത്തിയുള്ളൂ)

ഞാന്‍ കണ്ടത് വിവരിക്കാം..

പേര്..രെന്ജിനി
വയസ്സ്..പന്ത്രണ്ട്
സ്കൂള്‍..നാലുചിറ ഗവന്മേന്റ്റ് യു പി സ്കൂള്‍
ഇഷ്ട ഭക്ഷണം..."അറിയില്ല"
മാതാ പിതാക്കള്‍...അച്ഛന്‍ മരിച്ചു,അമ്മക്ക് കാന്‍സര്‍,കൂടാതെ മാനസിക രോഗിയും

ഇതാണ് രഞ്ജിനി...പഠിക്കാന്‍ മിടുക്കി..സ്കൂളിലെ ഏറ്റവും നല്ല വിദ്യാര്‍ഥിനി......

വീട്ടില്‍ ഈ പന്ത്രണ്ട്കാരിയും മനസ്സിന് സുഖമില്ലാത്ത അമ്മയും മാത്രം.......

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അമ്മയെ ശുശ്രൂഷിക്കാനും,അയല്‍ക്കാര്‍ അരി നല്‍കിയാല്‍ അത് കൊണ്ട് ചോറ് വയ്ക്കാനും, വൈദ്യുതി ഇല്ലാത്ത വീട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിക്കാനും ഇവള്‍ മാത്രം...വീട് എന്ന് ഞാന്‍ പറഞ്ഞത് ആലന്കാരികം മാത്രം...ഒരു മുറി ചായ്പ്പ്..പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കിലോ മീടെര്‍ ദൂരെ ഉള്ള പുഴയില്‍ പോകണം...അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍....

ആ പ്രോഗ്രാമില്‍ രഞ്ജിനിയുടെ അമ്മയോട് ചാനല്‍ അവതാരകര്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ എഴുതുകയാണ്..

മകളെ പഠിപ്പിക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ നിങ്ങള്‍ അത് സമ്മതിക്കുമോ??

അവ്യക്തമായ ആ അമ്മയുടെ (മാനസിക രോഗിണിയായ) ഉത്തരം.."എന്‍റെ മകള്‍ എന്നും എന്‍റെ കൂടെ വേണം,അവളെ ആരും ഉപദ്രവിക്കാതെ ഇരിക്കാന്‍ ഞാന്‍ കൂടെ വേണം...അവള്‍ കുഞ്ഞാണ്...ഈ സ്ഥലം നല്ലതല്ല...അത് കൊണ്ട് ഞാന്‍ ഒരിക്കലും അവളെ ആര്‍ക്കും വിട്ടു കൊടിക്കില്ലാ"....

രഞ്ജിനി, തന്‍റെ അമ്മയോട് ബ്രേക്ക്‌ ഫാസ്റ്റ് മോശമായി എന്ന് പറയാറില്ല...കാരണം പ്രാതല്‍ എന്താണെന്ന് അവള്‍ക്കറിയില്ല...സ്കൂളില്‍ നിന്ന് കിട്ടുന്ന ഉച്ചക്കഞ്ഞി ആണ് അവളുടെ പ്രാതല്‍...

രണ്ജിനിക്ക് ഉച്ചക്കഞ്ഞി കിട്ടും....അവളുടെ അമ്മക്കോ???മകള്‍ സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞ്,അയല്‍പക്കക്കാര്‍ അരി കൊടുത്ത്,ഈ കൊച്ചു പെണ്‍കുട്ടി അത് ചോര്‍ ആക്കിയാല്‍ മാത്രം ആണ് അവര്‍ക്ക് ഭക്ഷണം.......

ഭക്ഷണം അല്ലാ ആ അമ്മയുടെ പ്രശ്നം...ഇടക്കൊക്കെ വീണു കിട്ടുന്ന ബോധാവസ്ഥയില്‍ തന്‍റെ മകള്‍ "രഞ്ജിനി " അതാണ്‌ അവരുടെ പ്രശ്നം....

രഞ്ജിനി...ദുരിതങ്ങളില്‍ക്കൂടി ദുരിതങ്ങളിലേക്ക് സഞ്ചരിക്കുന്നവള്‍...നാളെ എന്നത് അവള്‍ക്കു വിഷയമല്ല...ഇന്ന് എങ്ങനെ ഭക്ഷണം കഴിക്കാം എന്നതാണ് അവള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന്....

രഞ്ജിനിയുടെ അമ്മ....വിശപ്പ്‌ അവര്‍ക്ക് പുതുമയല്ല....പന്ത്രണ്ട് വയസ്സുകാരിയായ മകളെ എങ്ങനെ സംരക്ഷിക്കും എന്നുള്ളതാണ് അവരുടെ പ്രയാസം

രണ്ടു അമ്മമാര്‍....ഒരാള്‍.... കഷ്ട്ടപ്പെട്ടു സ്വന്തം മകള്‍ക്ക് വേണ്ടുന്നത് എന്തും ചെയ്യാന്‍ ഒരുക്കമാണ്....
മറ്റൊരു അമ്മ...ഒന്നും ചെയ്യാന്‍ നിവര്‍ത്തി ഇല്ലാതെ,വല്ലപ്പോളും കിട്ടുന്ന സ്വബോധത്തില്‍ മകളെക്കുറിച്ച് ആവലാതിപ്പെടുന്ന സ്ത്രീ ....

രണ്ട് സ്ത്രീകള്‍ .......രണ്ട് പെണ്‍ കുട്ടികള്‍...

ഒരാള്‍ സര്‍വ സുഖങ്ങളില്‍ കഴിഞ്ഞിട്ടും അമ്മയുടെ സ്നേഹം കിട്ടാത്തവള്‍..അമ്മയോ... മകള്‍ക്ക് വേണ്ടി രാ പകല്‍ ഇല്ലാതെ അധ്വാനിക്കുന്നവള്‍....
മറ്റൊരുവള്‍ , ദുരിതക്കടലില്‍ കിടക്കുന്നു....അമ്മയോ..സ്വബോധമില്ലാതെ ജീവിക്കുന്നു...



കണ്ണ് നിറഞ്ഞാണ് ഈ രണ്ട് അമ്മമാരെയും ഞാന്‍ ഉള്‍ക്കൊണ്ടത്‌...ഒരു മകള്‍ എല്ലാ സുഖത്തിനും നടുവില്‍ .....പക്ഷെ അമ്മ എന്ന സ്നേഹ മൂര്‍ത്തി അടുത്തില്ല...
മറ്റൊരാള്‍...അമ്മയുണ്ട്‌ കണ്മുന്‍പില്‍...ദുരിതം മാത്രം അനുഭവിക്കുന്ന,അല്ലെങ്കില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരമ്മ...

പക്ഷെ അമ്മ എന്ന വാക്കിന്‍റെ പരിപൂര്‍ണ്ണമായ അര്‍ത്ഥം എനിക്ക് മനസ്സിലാക്കി തന്നത് വേറൊരു അമ്മയാണ്....

ആ അമ്മയാണ് ഇന്ന് രഞ്ജിനിയുടെ പഠനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്..........

പേര് പുറത്തു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ആ അമ്മയെക്കുറിച്ച് എന്‍റെ സുഹൃത്താണ് എന്നോട് പറഞ്ഞത്....


അവരെക്കുറിച്ച് അവരുടെ അനുവാദമില്ലാതെ എനിക്കെഴുതാന്‍ സാധിക്കില്ല....പക്ഷെ ഒന്ന് പറയാം.......രഞ്ജിനിയെ സഹായിക്കുന്ന ആ അമ്മക്ക്
ആകെയുള്ള വരുമാനം പെന്‍ഷന്‍ മാത്രമാണ്..
..........അവര്‍ക്കും ഉണ്ട് പ്രാരബ്ധങ്ങള്‍.........

ഈ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ ആ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്,അഹങ്കരിച്ചും,ധൂര്‍ത്തടിച്ചും ഇന്നലെയും ഇന്നും നാളെയും നഷ്ട്ടമാക്കുന്ന പണത്തിനു പിന്നിലെ പാപത്തിന്,ഈശ്വരനോട് മാപ്പ് ചോദിച്ചു കൊണ്ടും ഞാന്‍ നിര്‍ത്തുന്നു....

Saturday, August 20, 2011

വൈകിട്ടെന്താ പരിപാടി...

വൈകിട്ടെന്താ പരിപാടി...
എല്ലാ ദിവസവും വൈകിട്ടത്തെ പരിപാടി ബോറടിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി കൂലംകശമായി ചിന്തിക്കാന്‍ തുടങ്ങി...
വൈകിട്ടെന്താ പരിപാടി...

" ഫിഷിങ്ങിനു പോയാലോ" കൂട്ടത്തില്‍ "ബുദ്ധിയുള്ള" അഗസ്റ്റിന്‍ അഭിപ്രായം പ്രകടിപ്പിച്ചു...
അത് കൊള്ളാം.....എല്ലാവരും ഏറ്റു പിടിച്ചു...

"ഫിഷിംഗ്"...ഈശ്വരാ ആലപ്പുഴയുടെ മധ്യഭാഗത്ത്‌....ഹരിപ്പാട്.. വെള്ളത്തിന്‍റെ നടുക്ക് ആറ്റില്‍ പള്ളത്തിയെ ഇഴത്തോര്‍ത്തു വച്ച് പിടിക്കുന്നത്‌ കണ്ട ഓര്‍മ്മ മാത്രമുള്ള ഞാന്‍ ഇവിടെ ഓസ്ട്രേലിയയില്‍ കടലില്‍ ഫിഷിങ്ങിനു പോകുന്നു...പണ്ടേ എനിക്ക് വെള്ളം പേടിയാണ്,,,കുളിക്കാനും കുടിക്കാനും പിന്നെ മറ്റു ചില ആവശ്യങ്ങള്‍ക്കും (ഇവിടെ ആണെങ്കില്‍ ആ ആവശ്യങ്ങള്‍ക്ക് ടിഷുപേപ്പര്‍ ഉണ്ട്) പിന്നെ കള്ള് കുടിക്കുമ്പോള്‍ വെറുതെ ഒരു ജാടക്ക് രണ്ടു ഐസ് ഇടുന്നതുമാണ് ഞാനും വെള്ളവും തമ്മിലുള്ള ആകെയുള്ള ആത്മബന്ധം...ആ ഞാന്‍ കടലില്‍ മീന്‍ പിടിക്കാന്‍...ഓര്‍ക്കുമ്പോള്‍ തന്നെ ദവിടുന്നൊരു 12 വോള്‍ട്ട് ദേങ്ങോട്ടോ പാഞ്ഞു..

ഡോള്ഫിനും,സ്രാവും,പിന്നെ ഇതും പോരാത്തതിന് മുതലയും ഉള്ള ഈ ഡാര്‍വിന്‍ തീരത്ത് കടലില്‍ ഇറങ്ങുന്നത് തന്നെ അപകടമാണ്...അങ്ങനെയുള്ള കടലില്‍ ഞാന്‍....ദൈവമേ എന്തൊരു പരീക്ഷണം..

"ok ,നാളെ വൈകിട്ട് നാലുമണിക്ക് നമ്മള്‍ മീന്‍ പിടിക്കാന്‍ പോകുന്നു,രാവിലെ പോയി ചൂണ്ട ,വല,ആദിയായവ ഞാന്‍ വാങ്ങിച്ചോളാം.."ഘനഗംഭീര ശബ്ദത്തോടെ ജിസ്മോന്‍ അലറി.......

ജിസ്മോന്‍ പറഞ്ഞാല്‍ പറഞ്ഞതാ,എല്ലാരും അനുസരിക്കും,പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍ ജിസ്മോന്‍ ഒരു തീരുമാനം എടുത്താല്‍ എടുത്തതാ..

ദൈവമേ ഞാന്‍ കുടുങ്ങി...രണ്ടു വയസ്സുവരെ മുട്ടേല്‍ നീന്തിയതല്ലാതെ നീന്തലുമായി എനിക്ക് അനതിവിദൂരമായ ബന്ധം പോലും ഇല്ല...എങ്ങാനും വെള്ളത്തില്‍ വീണാല്‍ പിന്ന തോട്ടപ്പള്ളി തീരത്തെ ഞാന്‍ പൊങ്ങൂ എന്നെനിക്ക് ഉറപ്പാണ്‌...

സഭ പിരിഞ്ഞു...ഞാന്‍ നേരെ എന്‍റെ വീട്ടില്‍ എത്തി...ഈശ്വരാ ഇനി വെറും മണിക്കൂറുകള്‍ .....നാളെ നേരം വെളുക്കുമ്പോള്‍ വള്ളോം വലയുമായിട്ടു ലവരിങ്ങേത്തും...ഹോ എന്തൊരു പരീക്ഷണം...

ഐഡിയ...."അമരം,ചെമ്മീന്‍,ജലോത്സവം മുതലായ സിനിമകള്‍ രാത്രി ഇരുന്നു കാണാം..""

ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു...മരണം എന്നെ തുറിച്ചു നോക്കുന്നത് പോലെ...വേഗം തന്നെ മലയാളം സിനിമകള്‍ ഉള്ള സൈറ്റില്‍ ചാടിക്കേറി.

അങ്ങനെ രാത്രി മുഴുവന്‍ സിനിമയും കണ്ട്‌,u ടുബില്‍ നിന്ന് കുറച്ചു നീന്തല്‍ ടെക്ക്നിക്സും പഠിച്ച് ആത്മബലം വരുത്തി ഞാന്‍ കിടന്നുറങ്ങി..

പിറ്റേന്ന്....സ്ഥലം കടല്‍ത്തീരം...മണി 5 .....

ജിസ്മോന്‍,അഗസ്റ്റിന്‍,സജി,ഐമോന്‍ ,പിന്നെ ഞാനും .....

വലയും,ചൂണ്ടയും കാണിച്ച് ടെക്ക്നിക്കല്‍ വിശദീകരണം തരുകയാണ്‌ ജിസ്മോന്‍...

ജിസ്മോന്‍...പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു 6 അടി പൊക്കം,90 കിലോ ഭാരം,മൊരുമൊരാ രോമം,പിന്നെ 5 സ്പീക്കര്‍ വോയിസ്‌ സിസ്റ്റം,........ ആകാശത്തിനടിയിലും മുകളിലും സൈഡിലും ഉള്ള എന്ത് കാര്യത്തെ കുറിച്ചും "അപാരമായ" ജ്ഞാനം...ഇത്രയും ജ്ഞാനവും ആര്‍ക്കു വേണമെങ്കിലും പകര്‍ന്നു കൊടുക്കാനുള്ള വിശാല മനസ്കത...എന്ത് സംശയവും ഏത് പാതിരാത്രിയിലും പുള്ളിയോട് ചോദിക്കാം...ഇതാണ് ആ ആജാന ബാഹുവിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്,...പിന്നെ പിന്നെ മനസ്സിലായി നമുക്ക് ചോദിക്കമെന്നെ ഉള്ളൂ...ഉത്തരം പുള്ളിക്ക് തോന്നുന്ന രീതിയിലാണ്‌...ഞാന്‍ ഉദാഹരിക്കാം..

ചോദ്യം...ഡാ ജിസ്മോനെ ഈ അണ്ണാ ഹസ്സാരെ ആരാ??
ഉത്തരം ഫ്രം ജിസ്മോന്‍...അത് തമിഴ്നാട്ടില്‍ അണ്ണാ ഡി എം കെ ക്ക് ബതലായിട്ടു തമിഴ് ഈഴം മക്കളുടെ ഒരു പ്രോട്ടെസ്ട്ടിംഗ് വിംഗ് ആണ്...അത് 1991 മുതല്‍ നിലവിലുണ്ടായിരിന്നു...പക്ഷെ വീരപ്പന്‍ മരിച്ചപ്പോള്‍ ലങ്കന്‍ തീവ്ര വാദികള്‍, അതായത് പുലികള്‍ ഏറ്റെടുത്തു..അതിനു ശേഷം നോര്‍ത്ത് ഇന്ത്യയില്‍ 1998 മുതല്‍ സജീവമായിരിന്ന ഒരു വിഭാഗം വിമതര്‍ ഈ സംഘത്തോടൊപ്പം ചേര്‍ന്ന്...അങ്ങനെ ആണ് ഈ "അണ്ണാ ഹസാരെ" എന്ന ഗ്രൂപ്പ് ശക്തമായത്‌..അതുകൊണ്ടാണ് "അണ്ണാ..എന്ന് തമിഴകത്തെ പ്രതിനിധീകരിക്കുകയും, "ഹസാരെ" എന്നത് നോര്‍ത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു "അണ്ണാ ഹസാരെ"എന്നുള്ള ഒരു സംരഭം ഉരുത്തിരിഞ്ഞത്...

ചുരുക്കി പറഞ്ഞാല്‍ ഇതാണ് ജിസ്മോന്‍...എങ്ങനെയുണ്ട്???

ആ ജിസ്മോന്‍ ഇപ്പോള്‍ ചൂണ്ട ഉണ്ടാക്കിയിരിക്കുന്ന കോപ്പര്‍ അലുമിനിയം മിശ്രിതത്തെ കുറിച്ച് കടല്‍ത്തീരത്ത് വച്ച് പ്രസംഗം നടത്തുന്നു...
അന്തം വിട്ടു കുന്തം വിഴുങ്ങിയത് പോലെ ഞങ്ങള്‍....എനിക്കാണെങ്കില്‍ ഒന്നിനും രണ്ടിനും, ഒന്നുകൂടെ പോയാല്‍ കൊള്ളാമെന്നുണ്ട്..പക്ഷെ മുന്നില്‍ അതി വിശാലമായ കടല്‍....നാട്ടിലാണെങ്കില്‍ ഒന്നല്ല രണ്ടല്ല പത്തിന് വരെ പറ്റിയ location ...പക്ഷെ ഇത് ഓസ്ട്രെലിയ ആണ്...ലവന്മാര് satalite വഴി ലൈവ് telecast കാണും..സംഗതി മുഴുമിപ്പിക്കുന്നതിനു മുന്‍പ് തന്നെ പോലീസ് വരും...പിന്നെ ബാക്കി ഇന്ത്യന്‍ എമ്പസ്സിയിലോ ജെയിലിലോ മുഴുമിപ്പിക്കം...ഈ ഇന്ത്യന്‍ എംബസി എവിടെയാണിവിടെ അടുത്തുള്ളത് എന്ന് ഞാന്‍ ആലോചിച്ചു നിന്നപ്പോള്‍ പെട്ടെന്ന്..."ഡാ നീയാണ് ആദ്യം വെള്ളത്തില്‍ ഇറങ്ങേണ്ടത്"" ജിസ്മോന്‍ എന്നോട് ആജ്ഞാപിച്ചു..

ഞാന്‍ ചോദിച്ചു ..."ഡാ ജിസ്മോനെ എന്തിനാ വെള്ളത്തില്‍ ഇറങ്ങുന്നെ??കരക്കിരുന്നു ചൂണ്ടയിട്ടാല്‍ പോരെ??
ജിസ്മോന്‍ തെക്കുപടിഞ്ഞാറു ദിശയിലേക്കു കഴുത്ത്‌ തിരിച്ചിട്ട്‌ ഇങ്ങനെ മൊഴിഞ്ഞു..."നീ കാറ്റ് വീശുന്നത് കണ്ടില്ലേ?കടല്‍ക്കാക്കള്‍ പറക്കുന്നത് കണ്ടില്ലേ??എന്തിനു ഈ മണല്‍ത്തരികളുടെ നനവ്‌ അനുഭവിക്കുന്നില്ലേ??ഇത് കടലിറങ്ങുന്ന സമയമാണ്...അതായത് ചന്ദ്രായനം...ഓ സോറി നിനക്ക് മനസ്സിലായില്ല അല്ലെ??ചന്ദ്രയാനം എന്ന് വച്ചാല്‍ ചന്ദ്രനിലെ ജലതന്മാത്രകളും ഭൂമിയിലെ ജലതന്മാത്രകളും തമ്മിലുള്ള ഒരു electro magnetic ബോണ്ട്‌ ശക്തമാകുന്ന സമയമാണിത്...so we will all go into the sea and will use fishing net instead ഓഫ് ചൂണ്ട.."""

ജിസ്മോന്‍ കുറച്ചു നേരം കണ്ണുകള്‍ അടച്ചു നിന്ന്...ഞങ്ങള്‍ അവന്‍റെ മുഖത്തേക്ക് നോക്കി ബഹുമാനത്തോടെ നിന്ന്...

പെട്ടെന്ന് വെകിളി പിടിച്ച കാളയെ പോലെ ജിസ്മോന്‍ വെട്ടിത്തിരിഞ്ഞ് കടലിലേക്ക്‌ നടന്നു...കണ്ടാല്‍ മമ്മൂട്ടി കിങ്ങില്‍ നടക്കുന്ന പോലെ....

ഞങ്ങള്‍ എല്ലാം പുള്ളിയെ ഫോള്ലോ ചെയ്തു...

പെട്ടെന്ന് ജിസ്മോന്‍ തിരിഞ്ഞു....എന്നെ നോക്കി ഇങ്ങനെ അലറി.."നമ്മള്‍ വലയും പിടിച്ചു കൊണ്ട് കടലിലെക്കിറങ്ങും,വലയുടെ ആദ്യത്തെ അറ്റം നിന്‍റെ കൈയിലായിരിക്കും ,പിന്നെ അഗസ്റ്റിന്‍,സജി,ഐമോന്‍ എന്നിവര്‍ വലയുടെ ബാക്കി ഭാഗവും പിടിച്ചു കടലിലെക്കിറങ്ങും,വലയുടെ എന്‍ഡ് ഞാന്‍ പിടിക്കും...നമ്മള്‍ കടലില്‍ ഒരു തട സൃഷ്ട്ടിക്കും...ഇതാണ് പ്ലാന്‍...ഓക്കേ

(ഇവിടെ കടല്‍ ഇറങ്ങുമ്പോള്‍ നമ്മുക്ക് കിലോ മീറ്ററുകള്‍ കടലിലേക്ക്‌ നടക്കാന്‍ പറ്റും,അങ്ങനെ നടന്നു ചെന്ന് കടല്‍ ഇടുങ്ങുന്ന ഭാഗത്ത്‌ ചെന്ന് തടയുണ്ടാക്കി ഉടക്ക് വല വച്ച് മീന്‍ പിടിക്കാം,,ഇവിടെ അത് സാധാരണമാണ്,പക്ഷെ അപകടം പിടിച്ചതും,കാരണം കടലിനടുത്തുള്ള വെള്ളക്കെട്ടുകളില്‍ നിന്നും മുതല കയറി വരാനുള്ള സാധ്യത കൂടുതലാണ്,കൂടാതെ വിഷമുള്ള ജെല്ലി ഫിഷ്‌ ധാരാളമായി ഉള്ളതുമാണ്,വളരെ പരിചയ സമ്പന്നരായ സായിപ്പന്മാര്‍ മാത്രം ചെയ്യുന്ന പണി ,അതാണ്‌ ജിസ്മോന്‍ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ പോകുന്നത്..)

ജന്മനാ തന്നെ വളരെ പേടി ഉള്ള ഞാന്‍ ഉടനെ എന്‍റെ നയം വ്യക്തമാക്കി ..."ഇല്ല എനിക്ക് പറ്റില്ല കടലില്‍ ഇറങ്ങാന്‍"

ജിസ്മോന്റെ മുഖം "ഇരുണ്ടു"...അവന്‍ എന്നോട് പറഞ്ഞു..."ഓക്കേ ....നീ വെള്ളത്തില്‍ ഇറങ്ങണ്ട,,കരക്കിരിന്നോ,പക്ഷെ നിനക്കൊരു ജോലി ഉണ്ട്...ഞങ്ങള്‍ പിടിക്കുന്ന മീന്‍ സൂക്ഷിക്കുക,കൂടാതെ എന്തെങ്കിലും അപകട സാധ്യതകള്‍ കണ്ടാല്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തരുക...ഓക്കേ..."

ഓക്കേ..എനിക്ക് സന്തോഷമായി...

പെട്ടെന്ന് കൂട്ടത്തില്‍ ധൈര്യശാലിയെന്നു ഭാവിക്കുന്ന അഗസ്റ്റിന്‍ പറഞ്ഞു.."എനിക്ക് പറ്റില്ല ആദ്യം ഇറങ്ങാന്‍"

അങ്ങനെ ഓരോരുത്തര്‍ പിന്മാറി...അവസാനം ജിസ്മോന്‍ പ്രഖ്യാപിച്ചു.."ഓക്കേ എല്ലാവര്‍ക്കും പേടിയാണെങ്കില്‍ ഞാന്‍ ആദ്യം ഇറങ്ങാം.."

അന്നാദ്യമായി ജിസ്മോന്റെ ധൈര്യത്തില്‍ ഞാന്‍ അന്തം വിട്ടു..

അങ്ങനെ വടം വലിക്കാന്‍ പോകുന്ന തടിയനെ പോലെ ജിസ്മോന്‍ വെള്ളത്തിലേക്ക് മാര്‍ച്ച്‌ ചെയ്തു..പുറകെ ബാക്കിയുള്ളവരും...

അവര്‍ വെള്ളത്തില്‍ ഉടക്ക് വല ഫിറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ കരയില്‍ അപകടം അറിയിക്കാനായി നിന്നു...

പെട്ടെന്നാണ് എന്തോ ഒരു കറുത്ത പൊങ്ങു തടി പോലെയുള്ള സാധനം അങ്ങ് ദൂരെ നിന്നു ഒഴുകി വരുന്നത് ഞാന്‍ കണ്ടത്..കൈയിലുള്ള സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് ഞാന്‍ സൂക്ഷിച്ചു നോക്കി...എന്താണെന്ന് മനസ്സിലാകുന്നില്ല...അവരെല്ലാം വല അഡ്ജസ്റ്റ് ചെയ്യുന്ന തിരക്കിലാണ്...പെട്ടെന്ന് എന്‍റെ നെഞ്ചില്‍ ഒരു തീ..അത് ഒരു മുതലയല്ലേ???

ഞാന്‍ അലറി വിളിച്ചു.."ഡാ മുതല...കരക്ക്‌ കേറ് മുതല വരുന്നു"

അത് കേട്ടപ്പോള്‍ അവരെല്ലാം ഞെട്ടിത്തരിച്ചിട്ടു ഞാന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.....ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവര്‍ നിന്നു....പക്ഷെ ഞാന്‍ ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരിന്നു...ഞാന്‍ ഓടി..അങ്ങ് ദൂരെ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി...ഏതാണ്ട് ഒരു കിലോമീറെര്‍ അപ്പുറത്താണ് കാര്‍...ഞാന്‍ ഓടുകയാണ്...കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു...അവന്മാരെ ഇപ്പോള്‍ മുതല തിന്നുകയായിരിക്കും...ഞാന്‍ ഓടി...തിരിഞ്ഞു നോക്കാന്‍ ശക്തിയില്ല...എന്‍റെ തടി രക്ഷിക്കണം......മരണവെപ്രാളത്തില്‍ ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്...എന്‍റെ പുറകില്‍ നിന്നൊരു വലിയ ശക്തി എന്നെ പിന്തുടരുന്നത് പോലെ...ഞാന്‍ ഉറപ്പിച്ചു...അവന്മാരെ മുതല തിന്നു...
ഞാന്‍ ഓടി..കാറിലേക്ക് ഉള്ള ദൂരം ഇനി ഒരു അരക്കിലോമീറെര്‍ കൂടി...പെട്ടെന്ന് എന്‍റെ പുറകില്‍ നിന്നും വലതു വശത്ത് കൂടി ഒരു വലിയ മനുഷ്യന്‍ കാറ്റു പോലെ എന്നെ പാസ്‌ ചെയ്തു പോയി..."അയ്യോഓഒ........എന്നും വിളിച്ചു കൊണ്ട് ആ രൂപം പോകുന്നത് കണ്ടപ്പോള്‍ ഉസ്സൈന്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡ്‌ ഇട്ട ഓട്ടം ആണ് എന്‍റെ മനസ്സിലേക്ക് വന്നത്...ഞാന്‍ എവിടെയോ കണ്ട രൂപം ...ങേ...ജിസ്മോനല്ലേ അത്...ആണോ??ആ മനുഷ്യന്‍ ഇത്രേം സ്പീഡില്‍ ഓടുമോ??ഞാന്‍ ഓടി വണ്ടിയുടെ അടുത്തെത്തി..നോക്കിയപ്പോള്‍ ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍...

ജിസ്മോന്‍ എന്നോട് കിതച്ചു കൊണ്ട് ചോദിച്ചു..."നീ...നീ...എന്തിനാ...ഓടിയത്""
ഞാന്‍ പറഞ്ഞു.."മുത...മുതല..."

അയ്യോഒ........ടിം...ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍ ബോധം കേട്ട് വീണു...


അവസാനരംഗം...
ഞാന്‍,ഐമോന്‍,സജി,അഗസ്റ്റിന്‍,ജിസ്മോന്‍ ......
സ്ഥലം അഗസ്റ്റിന്റെ വീട്...

ജിസ്മോന്‍ എണീറ്റു നിന്നിട്ട് പറഞ്ഞു....."അത് വെറും ഒരു തടിക്കഷ്ണമായിരിന്നു...ഓക്കേ..കാരണം ഒരു 500 കിലോ ഭാരം വരുന്ന മുതലയ്ക്ക് മാക്സിമം നീന്താന്‍ കഴിയുന്ന വേഗത 20 km / hour ആണ്...പ്രത്യേകിച്ചും കടലിറങ്ങി കിടക്കുമ്പോള്‍ മണല്‍ത്തിട്ടകള്‍ ഉള്ള കാരണം ഈ വേഗത കൈവരിക്കാന്‍ പോലും അതിനു കഴിയില്ല...പിന്നെ അതൊരു വെറും തടിക്കഷ്ണമാണ് എന്ന് പറയാനുള്ള കാരണം ആ വസ്തുവിന് ജീവനുള്ള ഒരു ജീവി കാണിക്കുന്നത് പോലെയുള്ള ആക്റ്റീവ് ആയിട്ടുള്ള മൂമെന്റ്സ് ഇല്ലായിരിന്നു.."ഇത്രയും പറഞ്ഞു കൈയിലുള്ള ചായയും ഊതിക്കുടിച്ച് രണ്ട്‌ ചിപ്സും കൊറിച്ച് കണ്ണടച്ച് ജിസ്മോന്‍ ഇരിന്നു....

പക്ഷെ ഇപ്പോളും എനിക്കറിയില്ല 90 കിലോ ഭാരവും ന്യായമായി കുടവയറുമുള്ള ജിസ്മോന്‍ എങ്ങനെ ഉസ്സൈന്‍ ബോള്‍ട്ടിനെ പോലെ ഓടി വണ്ടിയില്‍ എത്തിയെന്ന്..ഇപ്പോളും ഒരു കടങ്കഥ ആയി അത് മനസ്സില്‍ കിടക്കുന്നു...

Saturday, November 27, 2010

അവിവാഹിതര്‍ക്ക് ഒരു പാഠം"കോപ്പിലെ റിംഗ് ടോണ്‍

"കുട്ടനാടന്‍ കായലിലെ കൊച്ചു വള്ളം തുഴയുമ്പോള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പി"
അതി രാവിലെ അതായത് ഏകദേശം ഒരു ഒന്‍പതു മണി ആയപ്പോള്‍ മുകളില്‍ പറഞ്ഞ റിംഗ് ടോണില്‍ എന്‍റെ ഫോണ്‍ അലച്ചു.ആരുടെ ഡാഷിനെ കെട്ടിക്കാന്‍ ആണെന്നും വിചാരിച്ചു ഒന്ന് കൂടി പുതച്ചു മൂടി തലയണ കൊണ്ട് ചെവി മൂടി ഒരു മാതിരി ഗര്‍ഭ പാത്രത്തില്‍ തൊണ്ണൂറു കിലോ ഉള്ള ഒരു മൊതല് കിടക്കുന്ന പോലെ കുമ്പ ഒരു സൈടിലേക്കു ഒതുക്കി കാലുകള്‍ വളച്ചു ഇംഗ്ലീഷ് അക്ഷരം "s" ആകൃതിയില്‍ ,അല്ല സോറി ആ അക്ഷരോം ആകൃതിയും കലിപ്പായ കാരണം "ഡ" ആകൃതിയില്‍ -അതെന്തു കോപ്പിലെ ആകൃതി എന്ന് വിചാരിക്കണ്ട..ആ അങ്ങനെ കെടന്നു

ആ അപ്പൊ പറഞ്ഞോണ്ട് കിടന്നത് "കുട്ടനാടന്‍ കായലിലെ "...നാട്ടില്‍ പോയിട്ട് വന്നു കഴിയുമ്പോള്‍ നമുക്ക് പ്രവാസികള്‍ക്ക് ഉണ്ടാകുന്ന ഒരു സാധനം ഇല്ലേ? നൊസ്റ്റാള്‍ജിയ..ആ അത് മൂത്തപ്പോ ഇട്ട റിംഗ് ടോണാണ് ഇത്.ചന്തിക്ക് വെയിലടിക്കുമ്പോഴും പുതച്ചു മൂടി കിടന്ന എനിക്ക് ആ ടോണ്‍ ഉണ്ടാക്കിയത് മോളീപ്പറഞ്ഞ കോപ്പല്ല പകരം കലിപ്പ്..ഹോ ഏകദേശം ഒരു മിനിറ്റ് നീണ്ട അടി.ഭാഗ്യം ഇപ്പൊ നിന്ന്...വീണ്ടും ഗര്‍ഭാവസ്തയിലേക്ക് ചുരുണ്ട് കൂടി...

ദാണ്ടെ കിടക്കുന്നു..പുല്ല് പിന്നേം കുട്ടനാട്ടിലെ കായലില്‍ ആരാണ്ട് ആരാണ്ടെ കെട്ടിക്കാന്‍ ഒടുക്കത്തെ തൊഴ..തലേന്നടിച്ച ബ്രാണ്ടീടെ കെട്ടും വിട്ടില്ല ,കക്കൂസില്‍ വച്ച വാളിന്റെ മണോം മാറീല്ല..അപ്പോളാണ് വള്ളോം,വലേം,പുല്ലും..മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ച സായിപ്പിന്‍റെ തന്തയെ പ്രാകിക്കൊണ്ട്‌ ഞാന്‍ ആ സാധനം കൈയിലെടുത്തു..ഐ മീന്‍ മൊഫൈല്‍.

എലിക്കുഞ്ഞ് കണ്ണ് തുറക്കാന്‍ ട്രൈ ചെയ്യണപോലെ ഞാനും ട്രൈട്.. ബട്ട്‌ ..പറ്റണില്ല...ഈശ്വരാ നാട്ടില് ബ്രാണ്ടി അടിച്ചാല്‍ കണ്ണ് അടിച്ചു പോകും ..ഒസ്ട്രലിയേല് ബ്രാണ്ടി അടിച്ചാ കണ്ണ് അടഞ്ഞു പോകുമോ??തത്വ ശാസ്ത്രം..അടഞ്ഞാല്‍ അടഞ്ഞ്,എന്തായാലും ഇന്നലത്തെ ഫുള്ളിന്റെ ഹാഫ് കക്കൂസില്‍ വാളാക്കി,ബാക്കി ഹാഫ് ഇരുപ്പുണ്ട്‌..ഇന്നത് ഊത്താം..ആലോചിച്ചപ്പോള്‍ ആനന്ദം പരമാനന്ദം..ആ സന്തോഷത്തില്‍ കണ്ണ് തുറക്കാന്‍ മെനക്കെടാതെ ഞാന്‍ കോള്‍ എടുത്തു.
"ആരാ,എവിടുന്നാ,എന്തുന്നാ.....ഇത്രയൊക്കെ ചോദിച്ചിട്ടും നോ റിപ്ലേ...അപ്പൊ മനസ്സിലായി അപ്പുറത്ത് മല്ലുസ് അല്ലാന്നു.ആയിരുന്നേല്‍ കോള്‍ എടുക്കുമ്പോ തന്നെ ആ,അളിയാ,മച്ചു,മക്കളെ,പുല്ലേ,ഡേയ്,ടോ,..ഉറങ്ങുവായിരുന്നോന്നു ചോദിച്ചേനെ..അപ്പൊ ദിത് ദത് തന്നെ..ഏത്?നമ്മള് കാത്തിരിക്കുന്ന ഓവര്‍ ടൈം കോള്‍.തലേന്ന് അടിച്ചു ഓവര്‍ ആയി ആറു മണി വരെ കക്കൂസില്‍ കിടന്ന എന്നോടാണ് ഓവര്‍ ടൈം.മൊബൈല്‍ കട്ട്‌ ചെയ്തു വീണ്ടും പഴയ ആകൃതി സ്വീകരിച്ചു..
ഒരു മിനിറ്റ് ആയില്ല ദേ പിന്നേം കുട്ടനാടും വള്ളോം പുല്ലും...പറശിനിക്കാട് മുത്തപ്പനാണ് സത്യം ഇന്ന് ഇംഗ്ലീഷില്‍ തെറി പറഞ്ഞിട്ട് തന്നെ കാര്യം..ഹലോ..ഹു ദ ബ്ലടി മദാമ്മ ഓര്‍ സായിപ്പ് ഈസ് ദിസ്‌...ഞാനലറി..അപ്പൊ അങ്ങേ തലക്കല്‍ നിന്നൊരു സ്ത്രീ ശബ്ദം...അതും മലയാളത്തില്‍ "ഞാനാ ശുഭ"..ടിം..അല്ല ഇച്ചിരി ശക്തീല് ധിം...അതായത് എന്‍റെ "ഫാവി വധു"..എട്ടാം ക്ലാസ്സില്‍ വച്ചാണെന്ന് തോന്നുന്നു, ഞാനവസാനമായി കിടന്ന് മുള്ളിയത്..ഈ പറഞ്ഞത് പാസ്റ്റ് ടെന്‍സ്...വര്‍ത്തമാന കാലത്തില്‍ എല്ലാം ശുഭം..കുടിച്ച കള്ളും പിടിച്ച കെട്ടും എന്തിനു അണ്ടെര്‍ വെയെറിന്റെ വള്ളി പോലും ഇറങ്ങി പോയി...കട്ടിലില്‍ ചാടി എണീറ്റ്‌ നിന്ന ഞാന്‍ പണ്ട് എന്‍ സി സി യില്‍ പരേടിനു നിക്കണ പോലെ നിന്നു..പണ്ടൊരിക്കെ ദിവള്‍ ഫോണ്‍ ചെയ്തപ്പോ (അതും അതി രാവിലെ) മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ വെറുതെ ഒന്ന് പല്ല് തേച്ചു പോയതിനു കേട്ട പരാതി..പിന്നെ ഒരാഴ്ച ഞാന്‍ തേച്ചില്ല..അപ്പോളാണ് ഇപ്പൊ? അതും അവളുടെ ചേച്ചി പ്രസവിച്ചു എന്ന് പറയാന്‍ വിളിച്ചപ്പോ..അതും ഒന്നും രണ്ടും മിസ്‌ കോളല്ല..പത്തിരുപതെണ്ണം..ആ നിന്ന നിലയില്‍ നിന്നു കൊണ്ട് ബെര്‍നാട് ഷാ പറഞ്ഞത് ഞാനോര്‍ത്തു..വിവാഹം ഒരു മാന്ത്രിക വലയം ആണ് ,പുറത്തു നിക്കുന്നവര്‍ക്ക് അകത്തു കേറാന്‍ തോന്നും,അകത്തു നിക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും പുറത്തു ചാടാന്‍ തോന്നും.എന്തിനു ഷായെ പറയുന്നു..ഈ ഞാന്‍ തന്നെ എന്‍റെ കൂട്ടുകാരന്‍ പ്രവീണിന്‍റെ കല്യാണത്തിന് കൊടുത്ത ഒരു ഉപദേശമുണ്ട്‌...ഇത് വായിക്കുന്ന അവിവാഹിതര്‍ക്ക് നോട്ട് ചെയ്യാം "അതായത് കല്യാണം കഴിക്കാന്‍ പോകുമ്പോള്‍ നമ്മള്‍ ആണുങ്ങള്‍ ഈച്ചകളെ പോലെ ആണ്,,,എങ്ങനെ ഉണ്ട് തുടക്കം..ഐറ്റംസ് വരുന്നതെ ഉള്ളൂ..ആണുങ്ങള്‍ ഈച്ചകളും വിവാഹം വെട്ടി പൊളന്നു വച്ചേക്കുന്ന കൂഴ ചക്കയുമാണ്..ആദ്യം കാണുമ്പോള്‍ ഈച്ച വിചാരിക്കും ദൈവമേ ഞാനീ ചക്കേല് കിടന്ന് അര്‍മാദിക്കും..താലി കെട്ടിയോ ആ നിമിഷം ഈച്ച ഇന്‍ ദി കൂഴച്ചക്ക..പിന്നെ ആകെ അഴ കൊഴാന്നു ചക്ക അരക്കും പറ്റി,ഈച്ചെടെ ജീവിതം കോഞ്ഞാട്ട..

ആ എന്നിട്ടെന്തായി എന്ന് വച്ചാല്‍ ഈച്ചയ്ക്ക് ദൈവം കൊടുക്കാത്ത ഒരു സാധനം നമ്മള്‍ ആണുങ്ങള്‍ക്ക് ഉണ്ട്.എന്താണെന്ന് അറിയാമോ?
ഓപ്ഷന്‍സ് തരാം മീശ,നട്ടെല്ല്(പുല്ല്..ഉറപ്പായിട്ടും ഇതല്ലാന്നു നമുക്കറിയാം),ധൈര്യം,അഭിമാനം(അത് ചക്കയില്‍ കയറിയപ്പോള്‍ തന്നെ പോയി)
പറയൂ...അല്ല ദിതോന്നും അല്ല...നാക്ക്...നമ്മള്‍ പുരുഷ കേസരികള്‍ അതിങ്ങനെ വളച്ചു ചുഴറ്റി രണ്ടു കിടു കള്ളം പറഞ്ഞിട്ട് "പോന്നൂ,ചക്കരെന്നു ഏത് അത് തന്നെ...അങ്ങനെ നാക്ക്‌ കൊണ്ട് കഷ്ട്ടിച്ചു രക്ഷപ്പെട്ടു പോയി ഞാന്‍..ആ സംഭവത്തില്‍ പിന്നെ ഞാന്‍ റിംഗ് ടോണ്‍ മാറ്റി..ഇപ്പോള്‍ ഏതാണെന്നോ?
"ടേക്ക് ഇറ്റ്‌ ഈസി,ടേക്ക് ഇറ്റ്‌ ഈസി,കണ്ണിലൊരു മുള്ള് കൊണ്ടാല്‍ ടേക്ക് ഇറ്റ്‌ ഈസി."

Saturday, November 6, 2010

അങ്ങനെയും ഒരു പെണ്ണ് കാണല്‍

പേര്-അരുണ്‍,വയസ്-26 ,വിദേശത്ത് ജോലി,ആരോഗ്യദൃടഗാത്രന്‍,വെളുമ്പന്‍ (ജാതിയല്ല),ഒന്നിനെയും കൂസാത്ത ആജാന ബാഹു(പക്ഷെ ഉയരം 5 '6 ),പുതുപ്പണക്കാരന്‍,കഴുത്തില്‍ സ്വര്‍ണ്ണമാല(ഒറിജിനല്‍),വിലകൂടിയ വാച്ച്,ഏകദേശം ഒരു ചാണ്‍ പുറത്തേക്കു ചാടി നില്‍ക്കുന്ന എന്‍ ആര്‍ ഐ സ്പെഷ്യല്‍ കുടവയര്‍,വലിയ കരയുള്ള സില്‍ക്ക് മുണ്ട്.അങ്ങനെ എല്ലാം തികഞ്ഞ യുവ കോമളന്‍.പോരാഞ്ഞു ബാച്ചിലര്‍.ഒരു പാട് പെണ്‍കുട്ടികള്‍ മുന്‍പിലും പിറകിലും നടന്നെങ്കിലും സൗന്ദര്യം കൊണ്ടും വളച്ചെടുക്കാനുള്ള ന്യാക്ക് എന്ന് പറയുന്ന സാധനം ഇല്ലാത്തത് കൊണ്ടും ഇപ്പോളും ഒരു ക്രോണിക് ബാച്ചിലര്‍..അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ വിവാഹക്കോളത്തില്‍ എന്നെ മുകളില്‍ പറഞ്ഞ രീതിയില്‍ ലാമിനേറ്റു ചെയ്തു ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി.
ഇല്ലാത്ത കാശുണ്ടാക്കി അവധി അര്‍മാദിക്കാന്‍ പോകുന്ന ഏതോരു എന്‍ ആര്‍ ഐ യുവാവിന്റെയും വിധിയാണല്ലോ ഇടി വെട്ടു പോലൊരു കല്യാണം.അല്ലെങ്കിലും അതാണല്ലോ നാട്ടു നടപ്പ്.ആ നല്ല നടപ്പിലേക്ക് എന്നെയും വഴി തെറ്റിക്കാനായി മനപ്പൂര്‍വം ബന്ധു മിത്രാദികള്‍ ചേര്‍ന്ന് മാതൃഭൂമി ദിനപ്പത്രത്തില്‍ എനിക്കെതിരെ പതിപ്പിച്ച വിവാഹപ്പരസ്യതിന്റെ ഏകദേശ രൂപമാണ് മുകളില്‍ പറഞ്ഞത്.രണ്ടു കൈകളും കൂപ്പി വെളുക്കെ ചിരിച്ചു നില്‍ക്കുന്ന എന്‍റെ ഒരു ഫോട്ടോയുടെ കുറവ് മാത്രമേ ആ പരസ്യത്തില്‍ ഉള്ളൂ.
നാട് വിട്ടിട്ടു കഷ്ട്ടിച്ചു ഒന്നരക്കൊല്ലമേ ആയുള്ളൂ..പഠിത്തം കഴിഞ്ഞു നേരെ ഓസ്ട്രേലിയക്ക്.അതിന്‍റെ ഇടയില്‍ വെറുതെ ഒന്ന് ഓണം ഘോഷിക്കാന്‍ പോയപ്പോളാണ് പത്രത്തിലും ചുവരിലും മതിലിലും പോരാഞ്ഞു ഇന്റെര്‍നെറ്റിലും എന്‍റെ വിവിധ പോസുകള്‍.നാട്ടില്‍ പോയി കുറച്ചു തെങ്ങിന്‍ കള്ളും ഞണ്ട് കറിയും കഴിക്കമെന്നുള്ള കൊതി അച്ഛനും അമ്മയും ചുരുട്ടിക്കൂട്ടി ഞാന്‍ കൊണ്ടുപോയ ലഗ്ഗേജില്‍ തന്നെ തള്ളി കയറ്റി.തടി വക്കും എന്നതാണ് കാരണം.നാല് വശങ്ങളിലേക്കും ന്യായമായ രീതിയില്‍ പുറത്തേക്കു തള്ളി നിക്കുന്ന ഞാനിനിയും തടിവക്കും എന്ന് പറഞ്ഞു അപമാനിച്ചത് കൂടാതെ ഞണ്ട് കറിക്ക് പകരം,പയര്‍,പരിപ്പ്,അവിയല്‍,പിണ്ണാക്ക്,കാടിവെള്ളം എന്നിങ്ങനെ ലോ കാലറി ഫുഡ് മാത്രം എനിക്ക് സപ്ലൈ ചെയ്തു.കൂടാതെ സ്വതവേ ഒരല്‍പം(സ്വല്‍പ്പം,ലേശം)നിറം കുറവായ എന്നെ വെളുപ്പിക്കാന്‍ പയറുപൊടി,കുങ്കുമപ്പൂ,തേങ്ങാപ്പാല്‍,ആട്ടിന്‍പാല്‍ എന്ന് വേണ്ട സാധാരണ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ തേച്ചുള്ള കുളി.നേരെ ചൊവ്വേ സോപ്പ് തേച്ചു കുളിക്കാന്‍ മടിയുള്ള ഞാനാണീ കോപ്പെല്ലാം കൂടെ തേച്ചത്.ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഓഹരി വിപണിയില്‍ ആകമാനം സംഭവിച്ച മാന്ദ്യം സ്വര്‍ണ്ണത്തെ പോലെ തന്നെ പയറിനെയും ബാധിച്ചില്ല.ഇനിയും പയര്‍ പൊടിച്ചാല്‍ വയര്‍ ഒഴിഞ്ഞു തന്നെ കിടക്കുമെന്ന് അച്ഛന് മനസ്സിലായപ്പോള്‍ ഞാന്‍ വീണ്ടും സോപ്പ് തേച്ചു തുടങ്ങി...

പെണ്ണ് കാണല്‍ ഒന്നാം ഭാഗം:
പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്.പല പെണ്‍കുട്ടികളോടും ഹൃദയത്തില്‍ കലങ്ങി ഒഴുകിയ പ്രേമം പങ്കു വച്ചിട്ടുണ്ട്.അവരില്‍ ചിലരുടെ നാണം കേട്ട ആങ്ങളമാര്‍ ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചിട്ടു ഇനി മേലാല്‍ പ്രേമം ഒഴുക്കാന്‍ ചെന്നാല്‍ കൂമ്പ്,കവാലം,നാഭി എന്നീ സ്ഥാനങ്ങള്‍ കലക്കുമെന്നു പറഞ്ഞപ്പോള്‍ ഒന്നും കുലുങ്ങാതിരുന്ന എന്‍റെ രോമരാജികള്‍ പെണ്ണ് കാണല്‍ എന്ന് കേട്ടപ്പോള്‍ ഷോക്കടിച്ചത് പോലെ നിന്നു.ഇടതൂര്‍ന്ന എന്‍റെ മീശയിലെ (എന്നെ അറിയാവുന്ന പഹയന്‍മാര്‍ ദയവു ചെയ്തു ഈ പ്രയോഗത്തില്‍ തൊട്ടു കമെന്റരുത്)രോമങ്ങള്‍ രണ്ടു ദിവസം കൊണ്ടാണ് ആ ഷോക്കില്‍ നിന്നു രക്ഷപ്പെട്ടു പൂര്‍വ രൂപം പ്രാപിച്ചത്.എന്തായാലും ആ ദിവസം വന്നെത്തി...പുതിയ ഷര്‍ട്ട്‌,പുതിയ പാന്‍റ്,പുതിയ കര്‍ചീഫ്‌,പുതിയ,ആ അങ്ങനെ പുതിയ എല്ലാം കൂടെ ഇട്ട്‌ ആദ്യത്തെ പെണ്ണുകാണല്‍..

പെണ്ണ് കാണല്‍ രണ്ടാം ഭാഗം:
പെണ്ണിന്‍റെ വീട്.സാമാന്യം കൊള്ളാവുന്ന അടിത്തറ.ഇപ്പോള്‍ തന്നെ മാന്തി തുടങ്ങിയാല്‍ പെണ്ണിന്‍റെ അപ്പന്‍റെ വെടി
തീരുന്നതിനു മുന്‍പ് വീടും തറയും പിന്നെ ചുറ്റുമുള്ള റബ്ബറും എന്‍റെ കൈയില്‍ ആകും എന്ന കണക്കു കൂട്ടലില്‍ ഞാന്‍ കാറില്‍ നിന്നിറങ്ങി.പൂരത്തിന് തിടംബ് എഴുന്നള്ളിക്കുമ്പോള്‍ എല്ലാ ജനങ്ങളും ആനയുടെ തൊള്ളയില്‍ നോക്കുന്നത് പോലെ ഭാവി വധുവിന്‍റെ അമ്മ,അച്ഛമ്മ,പേരമ്മ,ചിറ്റമ്മ,അമ്മൂമ്മ,പിന്നെ അപ്പുറത്തെ വീട്ടിലെ ചില അമ്മമാര്‍,പീക്കിരി ചെക്കന്‍സ്‌,പെണ്‍കുട്ടികള്‍(കഥാനായിക ഒഴികെ) അങ്ങനെ എല്ലാരും കൂടെ എന്നെ നോക്കി സ്വാഗതം ചെയ്യാന്‍ നിക്കുന്നു..ഇത്രേം പേര്‍ അന്തം വിട്ടു നോക്കുന്ന കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒന്ന്,രണ്ടു,മൂന്നു എന്നീ മാനസിക ശാരീരിക അവസ്ഥകളില്‍ കൂടെ കടന്നു പോയി..വലതു കാല്‍ വച്ച് പടി കയറാന്‍ ഏതോ പുരിഗമന വാദി വിളിച്ചു കൂവി.വലതു കാല്‍ പോയിട്ട് വയറിനു താഴോട്ടുള്ള ഒരു ഭാഗവും അനക്കാന്‍ എനിക്ക് പറ്റിയില്ല.പുതിയ ഫാഷനില്‍ വാങ്ങിയ ജീന്‍സ് അത്രയ്ക്ക് റൈറ്റ് ആയിരിന്നു.പിന്നെങ്ങനെയോ സംഘാടകര്‍ എല്ലാം കൂടി തള്ളി വീട്ടില്‍ കയറ്റി..എന്‍റെ കൂടെ വന്നവര്‍ എന്നെ പെണ്ണ് കാണിക്കാന്‍ കൊണ്ട് വന്നതാണോ അതോ ഫ്രീ ഫുഡ് അടിക്കാന്‍ വന്നതാണോ എന്ന് ആ തിക്കും തിരക്കും കണ്ടപ്പോള്‍ എനിക്ക് തോന്നി..
പെണ്ണ് കാണല്‍ അവസാന ഭാഗം:
ചെസ്സ് കളിക്കുമ്പോള്‍ രാജാവിരിക്കുന്നപോലെ ഞാന്‍ നടുക്ക്,എന്‍റെ ബന്ധുക്കള്‍ എന്‍റെ ഇരു വശങ്ങളിലും."അതാണോ ചേച്ചീടെ മാമന്‍"എന്ന് ചോദിച്ചു എന്നെ വെറും മാമയാക്കികൊണ്ട് കുറെ കൂതറ പൊടിപിള്ളേര്‍ ഞാനിരുന്ന കസേരക്ക് മുന്‍പില്‍ നിന്നു ചിണുങ്ങുന്നു.മനുഷ്യനിവിടെ പത്താം ക്ലാസ് പരീക്ഷ എഴുതിയതിനേക്കാള്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ആണ് അവന്മാരുടെ മാമാ വിളി...പെണ്ണിന്‍റെ അച്ഛന്‍ പുള്ളിയുടെ ഭാഗം വിത്ത് ടയലോഗ്സ് ആരംഭിച്ചു.ലോകത്തില്‍ പുള്ളി അറിയാത്തതും പുള്ളിക്കാരനെ അറിയാതതുമായി രണ്ടേ രണ്ടു പേര്‍..ഓസ്ട്രെലിയന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും..എന്നിട്ട് ഏതും പോരാതിരിക്കുന്ന എന്നോട് ലവരുടെ പേര് പറയാന്‍..ഭാവി അമ്മായിഅപ്പന്‍റെ മുന്നില്‍ എണീറ്റ്‌ നിന്നു മമ്മുട്ടി പറയുന്ന പോലെ രണ്ടു ഇംഗ്ലീഷ് തെറി പറയാനാണ് തോന്നിയത്..പക്ഷെ ഞാനൊന്ന് തുമ്മിയാല്‍ അവിടെ മൂത്രാഭിഷേകം നടക്കുന്ന സ്ഥിതി ആയിരിന്നു എനിക്കുണ്ടായിരിന്നത്..ഇത്രേം കൂടുതല്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാനുള്ള ഉല്‍പ്പാദന ക്ഷമത എന്‍റെ കിട്നിക്ക് ഉണ്ടെന്നന്നു മനസ്സിലായി..toilet എവിടെ എന്ന് ഞാന്‍ ചോദിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദതാ വരുന്നു അമ്മായി അപ്പന്‍റെ അരുളപ്പാട്."പെണ്ണ് വരട്ടെ".
അക്ഷരാര്‍ധത്തില്‍ ഞാന്‍ പെട്ടു.പെണ്ണ് വന്നാല്‍ മിണ്ടീം പറഞ്ഞും സമയം പോകും അപ്പോളേക്കും ഒന്നുകില്‍ ബ്ലാടെര്‍ പൊട്ടി ഞാന്‍ മരിക്കും അല്ലെങ്കില്‍ തലേ ദിവസം വാങ്ങിയ ജീന്‍സ് നനയും..രണ്ടായാലും മാനം പോകും.അങ്ങനെ മരണത്തെ കുറിച്ചാലോചിച്ചു ഇരിക്കുമ്പോളാണ് ലവള്‍ ചായോ കാപ്പിയോ ഒക്കെ ആയിട്ട് വരുന്നത്.ചായ ആയാലും കാപ്പി ആയാലും diuretic ആണ്..അതായത് കൂടുതല്‍ മൂത്രം ഉണ്ടാകും ഞാന്‍ ചാകും അല്ലെങ്കില്‍ നാറും..
ക്ലൈമാക്സ്‌ :
ചായയുമായി ആ എന്തിരുവടികള്‍ മന്ദം മന്ദം നടക്കുന്നു..cat walk നടത്താന്‍ പറ്റിയ സമയം..പിറ്റേന്ന് പത്രങ്ങള്‍ വാര്‍ത്തയാക്കാന്‍ പറ്റിയ ഒരു മാറ്റര്‍ എന്‍റെ മനസ്സില്‍ വന്നു.പെണ്ണ് കാണാന്‍ പോയ യുവാവ്‌ മൂത്രസഞ്ചി പൊട്ടി മരിച്ചു.അതെങ്ങാനം ചാനലുകാര്‍ ഏറ്റെടുത്താല്‍ ചര്‍ച്ചകളാകും.അവസാനം പ്രേമ നൈരാശ്യം മൂലം യുവാവ് മനപ്പൂര്‍വം മൂത്രമൊഴിക്കാതെ മരിച്ചു എന്നാക്കും.SN സ്വാമി തിരക്കഥയെഴുതി വേണമെങ്കില്‍ സിനിമയും ആകും.അങ്ങനെ പല വിധ ചിന്തകളാല്‍ എന്‍റെ ബോധം പോകാറായി."ചായ"ലവള്‍ എന്‍റെ മുന്‍പില്‍ നീട്ടിപ്പിടിച്ച ചായ കപ്പുമായി.വേണ്ടായിരിന്നു എന്ന ഭാവത്തില്‍ ചായ വാങ്ങിയപ്പോള്‍ അറിയാതെ ലവള്‍ടെ ചെറുവിരലിന്റെ അറ്റത്തൊന്നു തൊട്ടു.ലൈന്‍ കമ്പിയില്‍ തേങ്ങ വീഴുന്നത് പോലെ ഒരു സ്പാര്‍ക്ക്.പക്ഷെ ആ സ്പാര്‍ക്ക് ലവള്‍ക്ക് പിടിച്ചില്ല ഞാന്‍ കപ്പിലും പിടിച്ചില്ല കപ്പ്‌ വിത്ത്‌ ചൂട് ചായ ലാന്‍റ് ചെയ്തത് എന്‍റെ കേന്ദ്രഭരണ തീരത്തിന്‍റെ സീമന്ത രേഖയില്‍..ഒരു second മനസ്സില്‍ തോന്നിയ ആ അനുഭൂതി ചിലിയില്‍ ഖനിയില്‍ കുടുങ്ങിയവരുടെത് പോലെ ആയിരിന്നു..ഏതോ കിളവന്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ പാഞ്ഞു..വ്യക്തമായ ഉദ്ദേശത്തോടെ എന്നാല്‍ ലീക്ക് ചെയ്യുന്ന ഓയില്‍ ടാങ്കുള്ള ഒരു പീരങ്കി പോലെ..അങ്ങനെ ആ രംഗം പര്യവസാനിച്ചു..ആ പെണ്‍കുട്ടിയോട് എനിക്ക് നന്ദിയുണ്ട്..സഹോദരി അന്ന് നീ ആ കപ്പ്‌ താഴെയിട്ടില്ലായിരുന്നെങ്കില്‍ എന്‍റെ മാനം പട്ടം പറന്നെനെ..ആ വിവാഹം നടന്നില്ല എന്ന് വച്ച് ഞാന്‍ senti ആകുമോ?ഇല്ല അവസാനം എനിക്ക് വിധിച്ചതിനെ കൈ പിടിച്ച് ഒരു മോതിരവും ഇട്ട്‌ ഇപ്പോള്‍ സ്വസ്ഥമായി committed ആയി ഇരിക്കുന്നു.എങ്കിലും ആദ്യ പെണ്ണ് കാണല്‍ മരിക്കും വരെ ഞാന്‍ മറക്കില്ല...

Wednesday, November 3, 2010

ഗദ്ഗതം

ഞാന്‍ ചിരിക്കുമ്പോള്‍ എന്നിലെ ചിന്തകള്‍ മരിക്കുന്നു
സത്യം തല താഴ്ത്തുന്നു...കാരണം ഇത് വെറും മിഥ്യ
ഒരിക്കല്‍ തോല്‍പ്പിച്ചോരെന്‍ ജീവിതം ഇന്നെന്നെ നോക്കി
പല്ലിളിക്കുന്നു...അറിയില്ല ഈശ്വരനും വിധിക്കും
ഞാന്‍ തന്നെ ജയിക്കുമെന്ന പരമ സത്യം
എന്നിലഭയം തെടിയവള്‍ കരയുന്നു
കണ്ണില്‍ നിന്നടരുന്നത് ചുടു രക്തം
ഉണ്ടായിരുന്നെനിക്കൊരുനിമിഷം പക്ഷെ
എതിര്‍ക്കാന്‍ നാക്കിനു ശക്തിയില്ല
നാഡികള്‍ തളര്‍ന്നു... നിശബ്ദമായ് എന്‍ പ്രാര്‍ഥനകള്‍
ഒറ്റ കണ്ണനായൊരു കൈ നോട്ടക്കാരന്‍
പറഞ്ഞതെന്‍ ഭാവിയോ ഭൂതമോ
അതോ തത്ത ചുണ്ടാലെടുത്തോരെന്‍ ജീവിതത്തിന്‍റെ
തുറുപ്പു ചീട്ടോ .....
എന്താകിലുമിന്നീ തണുത്ത രാത്രിയില്‍ നിന്നെ
മറക്കുവാന്‍ നേര്‍ച്ചകള്‍ നേരുന്നു..
അറിയില്ല എന്‍ പ്രിയേ നീ എനിക്കു
നീട്ടിയ നരക തുല്യമാം പ്രേമത്തിന്‍ വിഷം
എന്‍റെ കണ്ഠത്തില്‍ കടും പിടി മുറുക്കുന്നു...
ജീവിക്കാനിനിയും ആശയുണ്ടെങ്കിലും
അര്‍ഹതയില്ലെനിക്കൊന്നപെക്ഷിക്കുവാന്‍ ..

പറയാം നിനക്കെന്‍റെ കുറ്റവും കുറവുമെല്ലാം
പക്ഷെ പ്രതീക്ഷിക്കുക ഞാന്‍ ഉണരുന്നൊരു കാലം

Monday, July 5, 2010

അല്‍പ്പം സ്വന്തം കാര്യം

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാളത്തിന്‍റെ മണ്ണിലേക്ക് രണ്ടു മാസത്തെ ഒരു മടക്ക യാത്ര.മനസ്സും ശരീരവും തുടിക്കുന്നു.എന്‍റെ മണ്ണിന്‍റെ എന്‍റെ നാടിന്‍റെ ഗന്ധവും സുഖമുള്ള തണുപ്പും അറിയാനും ആസ്വദിക്കാനും.പ്രവാസി ജീവിതത്തില്‍ നഷ്ടമായത് എല്ലാം തിരിച്ചു സ്വന്തമാക്കാനുള്ള ഒരു തിടുക്കം.നഷ്ടമായത് നാടും വീടും മാത്രമല്ല ബന്ധങ്ങള്‍ സുഹൃത്തുക്കള്‍ മനസ്സില്‍ മുലപ്പാലിനും ആദ്യാക്ഷരങ്ങള്‍ക്കും ആദ്യച്ചുവടുകള്‍ക്കും ഒപ്പം പകര്‍ന്നു കിട്ടിയ നന്‍മയും...അതെ ഇത് വായിക്കുന്ന എന്‍റെ പ്രവാസി സുഹൃത്തുക്കള്‍ സ്വയം ഒന്ന് ചിന്തിച്ചു നോക്കു..നമ്മളിലെ നന്‍മയും അനുകമ്പയും നഷ്ടമായിരിക്കുന്നു.ആര്‍ക്കു വേണമെങ്കിലും തര്‍ക്കിച്ചു എന്‍റെ ഈ ചിന്ത തെറ്റാണെന്ന് തെളിയിക്കാം...പക്ഷെ സത്യം ഇത് തന്നെ ആണ്..ഈ പാശ്ചാത്യ ലോകത്ത് ആകെ വിലയുള്ളതായി എനിക്ക് തോന്നിയത് പണവും സമയവും മാത്രം..ബന്ധങ്ങളില്ലാ..ഒത്തു കൂടലുകള്‍ ഉണ്ടായിരിക്കാം അല്ല ഉണ്ട്..പക്ഷെ ആ ഒത്തു കൂടലുകളില്‍ സ്നേഹമോ പരസ്പര ധാരണയോ ഉള്ളതായി തോന്നിയിട്ടില്ല..ആര്‍ക്കും ആരോടും..അതങ്ങനെ തന്നെ ആണ് ആവണം അതാണ്‌ പ്രവാസിയുടെ തത്വം..അല്ല നില നിന്ന് പോകാനുള്ള ജീവമന്ത്രം..കപട മൂടുപടങ്ങള്‍ക്കുള്ളില്‍ ‍ ഒളിഞ്ഞിരിക്കുന്നതു ചെന്നായയുടെ മുഖങ്ങളല്ല ...പകരം ഇവിടെ നിലനിന്നു പോകുന്നതിനായി ഒളിച്ചു പിടിച്ചിരിക്കുന്ന യഥാര്‍ത്ഥ നന്മയുടെ മുഖങ്ങള്‍ ..ഇനി രണ്ടു മാസം തിരിച്ചു "സാധാരണക്കാരുടെ" ഇടയിലേക്ക് പോകുമ്പോള്‍ പെരുമാറാനും സംസാരിക്കാനും ഈ അസാധാരണ കപട ലോകത്ത് നിന്ന് പോകുന്ന എനിക്ക് കഴിയുമോ എന്ന് സംശയം..നിലനില്‍പ്പിനായുള്ള നെട്ടോട്ടം..24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവസത്തില്‍ പകുതിയോളം സമയം കാറിലും ബസിലും ട്രെയിനിലും..ഓടുകയാണ് ജീവിതം കെട്ടിപ്പെടുക്കാന്‍ കൂടുതല്‍ സുഖ സൌകര്യങ്ങള്‍ക്കായി..കിട്ടുന്ന ലക്ഷങ്ങള്‍ പോരാതെ വീണ്ടും...മണിക്കൂറുകള്‍ക്ക് ഡോളറിന്‍റെ പൊന്നും വില..ഇങ്ങനെ പരക്കം പാഞ്ഞു നടക്കുമ്പോള്‍ നഷ്ടമായി പോകുന്നത് സന്തോഷവും മനസമാധാനവും.ലോണും മോര്‍ഗെജും എല്ലാം മറന്ന് 62 ദിവസങ്ങള്‍...
ജൂണ്‍ മഴ തകൃതി ആയി കേരളത്തില്‍ പെയ്യുന്നു എന്ന് ന്യൂസില്‍ കണ്ടു.. ഇവിടെ ഓസ്ട്രലിയയിലും മഴയുണ്ട്..പക്ഷെ ആസ്വദിക്കാന്‍ പറ്റില്ല,എന്തിനു കണ്ണ് കുളിര്‍ക്കെ ഒന്ന് കാണാന്‍ പറ്റില്ല കാരണം കണ്ടു നില്‍ക്കാന്‍ സമയമില്ല..നന്മയുള്ള മനസ്സുകള്‍ക്ക് മാത്രമേ സൌന്ദര്യം ആസ്വദിക്കാന്‍ പറ്റുള്ളൂ എന്ന് എവിടെയോ കേട്ടിട്ടുണ്ട്..മഴയെ ശപിച്ചു കൊണ്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍,ഒരിക്കല്‍ ഈ മഴയുടെ നനുത്ത വിരല്‍ സ്പര്‍ശങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മനസ്സ് എനിക്ക് എന്നേ നഷ്ടമായി എന്ന് പോലും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല..ഒരിക്കല്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന ഞാന്‍ ഇന്ന് അക്കങ്ങളെ പ്രണയിക്കുന്നു...അല്ല കാമിക്കുന്നു...പക്ഷെ സ്വയം നഷ്ടപ്പെട്ടു കൊണ്ടുള്ള ഈ ജീവിതത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ട്.ആവുന്ന കാലത്ത് കാ പത്തു നടണമെന്നു ചിലര്‍,ഇത്രയും ദൂരം വന്നു ജോലി ചെയ്യുന്നത് പുണ്യം കിട്ടാനല്ല പണം കിട്ടാനാണെന്നു മറ്റു ചിലര്‍.എന്തായാലും അവനവനു നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം..ക്ഷമിക്കണം ഞാനും ആ കൂട്ടത്തില്‍ തന്നെ ആണ്..രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയച്ചു കൊടുത്തു നാട്ടില്‍ മണിമാളികകള്‍ പണിയുന്നു കുറച്ചു പേര്‍,എന്നാല്‍ ഒരു 10 ദിവസം പോലും തികച്ചു ആ വീടുകളില്‍ താമസിക്കാന്‍ ഭാഗ്യമില്ലാത്തവര്‍,വെളുപ്പിനെ ജോലിക്ക് പോകുന്ന ഭാര്യയും വൈകിട്ട് ജോലിക്ക് പോകുന്ന ഭര്‍ത്താവും..ഞായറാഴ്ചകളില്‍ പറ്റിയാല്‍ പള്ളിയില്‍ കുറുബാനക്ക് തമ്മില്‍ കാണാമെന്നു പറഞ്ഞു ഡ്യൂട്ടിക്ക് പോകുന്ന ദാമ്പത്യങ്ങള്‍,ഇതിനിടയില്‍ ന്യൂടില്സും ഹോം ഡെലിവറി പിസ്സയും കഴിച്ചു മംഗ്ലീഷ് പറഞ്ഞു സ്വയം പര്യാപ്തരായ മക്കളും.ഇവിടെയെല്ലാം നമുക്ക് നഷ്ടമാകുന്നത് നമ്മുടെ മനസ്സില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന നന്‍മ അല്ലെ?വയലോരങ്ങളും,തോടും,പുഴയും,തെങ്ങിന്‍ തോപ്പുകളും,ഇടവപ്പാതിയും,കര്‍ക്കിടക കഞ്ഞിയും,പനിയും,അങ്ങനെ ഒരു ആയുഷ്ക്കാലം മൊത്തം ഓര്‍മ്മകള്‍ മാത്രമായി നമ്മുടെ നെഞ്ചില്‍ ചടഞ്ഞു കൂടാന്‍ പോകുന്ന കുറെ നന്‍മകള്‍.ഞങ്ങള്‍ ഭാഗ്യവാന്മാരാണ് കാരണം തുള്ളിച്ചാടി നടന്ന ബാല്യവും,പറന്നു നടന്ന കൌമാരവും നാട്ടില്‍ ആഘോഷിച്ചു,ഇപ്പോളും ആ ഓര്‍മ്മകള്‍ എനിക്കും എന്നെപ്പോലെ പ്രവാസികള്‍ ആയവര്‍ക്കും എന്നും വേദന കലര്‍ന്ന സുഖമുള്ള ഓര്‍മ്മകളാണ്.എന്നാല്‍ ഇവിടെ ജനിക്കുന്ന മലയാളി കുരുന്നുകള്‍ മുലപ്പാലിന് പകരം മില്‍ക്ക് സപ്പ്ലിമെന്റ്സ് കഴിക്കുന്നത്‌ പോലെ മലയാളത്തിനു പകരം മംഗ്ലീഷ് പഠിക്കുന്നു.മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ നാട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ ചെല്ലുമ്പോള്‍ അപ്പൂപ്പനെ ഗ്രാന്പാ എന്നും അമ്മൂമ്മയെ ഗ്രാന്മാ എന്നും ഈ കുട്ടികള്‍ വിളിക്കുമ്പോള്‍ പൂരത്തിന് തിടംബ് എടുത്തു നില്‍ക്കുന്ന ഗജവീരനെ പോലെ മമ്മയും പപ്പയും തലയുയര്‍ത്തി നില്‍ക്കും."ഇവന് അല്ലെങ്കില്‍ ഇവള്‍ക്ക് കുറച്ചൊക്കെ മലയാളം അറിയാം"എന്ന് പറഞ്ഞു ബന്ധു ജനങളുടെ മുന്‍പില്‍ സ്വയം വിഡ്ഢി വേഷം കെട്ടുന്ന പാവം പ്രവാസി..നാട്ടില്‍ നിന്ന് തിരിച്ചു ഇവിടെ വരുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളോട് സംസാരിക്കാന്‍ ആകെ അറിയാവുന്ന മുറി ഇംഗ്ലീഷ് വച്ച് അഡ്ജസ്റ്റ് ചെയ്യുന്ന പാവം മമ്മമാരും പപ്പമാരും.പ്ലേ സ്കൂളിലും പിന്നെ സ്കൂളിലും പോയി സായിപ്പ് കൊച്ചുങ്ങളുടെ കൂടെ പഠിച്ചു എന്ന് വച്ചാല്‍ സകലതും പഠിച്ചു പപ്പയും മമ്മിയും പറയുന്ന പൊട്ട ഇന്ഗ്ലിഷിനു ഗ്രാമര്‍,ആക്സ്സെന്റ്റ്,അങ്ങനെ ഒരു പുല്ലും ഇല്ല എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മ നിര്‍വൃതി പ്രവാസിക്ക് മാത്രം സ്വന്തം..രാവും പകലും എല്ല് വെള്ളമാക്കി ഉറക്കം മറന്ന് മരം കോച്ചുന്ന തണുപ്പത്ത് മരിച്ചു പണിയെടുത്തത് സ്വന്തം മക്കളുടെ ഇന്ഗ്ലിഷ് തെറി കേള്‍ക്കാനാണല്ലോ എന്ന് നാട്ടിലിരിക്കുന്ന "സാധാരണക്കാരന്" ചിന്തിക്കാം.പക്ഷെ ഇതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്യില്ല..കാരണം ഇതാണ് ഞങ്ങളുടെ ജീവിതം..ഞങ്ങള്‍ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.
ഒരു കാര്യത്തില്‍ ഇവിടെ ഓസ്ട്രലിയയില്‍ ജീവിക്കുന്ന മലയാളികള്‍ ഭാഗ്യവാന്മാരാണ്.കാരണം ഞങ്ങള്‍ക്ക് മെടികെയര്‍ ഉണ്ട്.അതായത് എന്ത് അസുഖം വന്നാലും ചികിത്സ ഫ്രീ ആണ്.അതിന്‍റെ ചിലവു ഗവേര്‍ന്മേന്റ്റ് വഹിക്കും.അത് മാത്രമോ വയസാം കാലത്ത് അതായത് ഏകദേശം ഒരു 90 - 100 വയസ്സാകുമ്പോള്‍ (അത് വരെ ജീവിച്ചിരുന്നാല്‍)മക്കള്‍ വീട്ടില്‍ നിന്നും കൊണ്ട് പോയി വൃദ്ധ സദനത്തില്‍ ചേര്‍ക്കും.പക്ഷെ ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ല കാരണം നാട്ടിലെ പോലെ ഭീമമായ തുകയൊന്നും മുടക്കേണ്ട ഈ പറഞ്ഞ സദനങ്ങളില്‍ ചേരാന്‍.കൂടും കുടുക്കയും എടുത്തങ്ങു പോയാല്‍ മതി അതും ഫ്രീ..പിന്നെ ഈ 90 വയസ്സെന്നു പറയാന്‍ കാരണം ഒരു 80 -85 വയസ്സ് വരെ ഞങ്ങള്‍ പണിയെടുക്കും കാരണം പണ്ട് മംഗ്ലീഷ് പറഞ്ഞിരുന്ന ഞങ്ങളുടെ കൊച്ചു കുട്ടികള്‍ ഇപ്പോള്‍ വലുതായി..ഇപ്പോള്‍ നല്ല ഇന്ഗ്ലിഷ് ആണ് പറയുന്നത്.ഞങ്ങളുടെ കൂടെ അല്ല അവര്‍ താമസിക്കുന്നത് അപ്പോള്‍ കഞ്ഞി കുടിക്കണ്ടേ?അത് കൊണ്ട് ആ പ്രായം വരെ പനിയെടുത്തെ പറ്റൂ..
ഇനി ഒത്തിരി ഭാഗ്യമുള്ള ഞങ്ങളില്‍ ചിലര്‍ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ തിരിച്ചു ജന്മ നാട്ടില്‍ വരും.അന്ന് തിരിച്ചു വരുമ്പോള്‍ പണ്ട് വന്നത് പോലെയുള്ള തലയെടുപ്പ് കാണില്ല.എന്ന് കരുതി കാശെല്ലാം തീര്‍ന്നു തെണ്ടിതിരിഞ്ഞു വന്നെന്നു വിചാരിക്കരുത് അപ്പോളും ഞങ്ങളുടെ അക്കൌണ്ടില്‍ ലക്ഷങ്ങളും ചിലപ്പോള്‍ കൊടികളും ഉണ്ടാകും.പക്ഷെ ഞങ്ങള്‍ തിരിച്ചു വരുന്നത് ഒരിറ്റു നന്‍മ വീണ്ടും അനുഭവിക്കാനാണ്.പഴയ സുഹൃത്ത്‌ ബന്ധങ്ങള്‍ പുതുക്കാനാണ്..അന്ന് ഞങ്ങളുടെ നാവില്‍ മംഗ്ലീഷ് വരില്ല സത്യം..കാരണം യുവത്വം മംഗ്ലീഷ് പറഞ്ഞു പണിയെടുത്തും ടാക്സും മോര്‍ഗെജും കൂട്ടിക്കിഴിച്ചും പിള്ളേരുടെ വിദ്യാഭാസവും പിന്നെ പിന്നെ അവരുടെ ആഭാസവും കണ്ട് തീര്‍ത്തു.ഇനി ഒരിത്തിരി സ്നേഹവും നന്മ്മയും കിട്ടാനും കൊടുക്കാനുമായി ഞങ്ങള്‍ വരുമ്പോള്‍ പ്രവാസികള്‍,മുടിഞ്ഞ കാശുകാര്‍,തലക്കനക്കാര്‍,വല്യ ടീംസ് എന്നൊന്നും പറഞ്ഞു ഒഴിവാക്കരുത്‌..ഉത്സവത്തിനും പെരുന്നാളിനും ഞങ്ങള്‍ വരും ഓസ്ട്രലിയക്കാരയിട്ടല്ല പഴയ നാട്ടിന്‍പുറം കാരായി..ഒരല്പം സ്നേഹത്തിനും സന്തോഷത്തിനും വേണ്ടി..പഴയ കൂട്ടുകാര്‍ വരണം..നമുക്ക് ആ കലുങ്കിലും പെട്ടിക്കടയിലും നാല്‍ക്കവലയിലും ഇരിന്നു വെടി പറയണം..സമയത്തിനും പണത്തിനും പുറകെ ഓടി തളര്‍ന്നു പോയി മനസ്സും ശരീരവും..ഇനിയൊരു വിശ്രമം വേണം..മക്കള്‍ എല്ലാം ഓസ്ട്രലിയയില്‍ നല്ല നിലയില്‍ കഴിയുന്നു ആഴ്ചയില്‍ മൂന്നു തവണ വിളിക്കുന്നു എന്നൊക്കെ ഞങ്ങള്‍ കള്ളം പറഞ്ഞു പോകും..പഴയ സുഹൃത്ത്‌ എന്നാ രീതിയില്‍ ആ കള്ളങ്ങള്‍ ക്ഷെമിക്കണം..പക്ഷെ ഞങ്ങളോട് അനുകമ്പ കാണിക്കരുത് അത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല ആഗ്രഹിക്കുന്നതുമില്ല..കാരണം ഞങ്ങള്‍ പ്രവാസികളാണ്....
62 ദിവസം ഞാനും പോകുന്നു എന്‍റെ നാട്ടിലേക്ക്.കുട്ടനാട്ടിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് ഞാന്‍ വരുന്നത് എന്നില്‍ നിന്ന് നഷ്ടമായ എല്ലാം തിരിച്ചു സ്വന്തമാക്കാനാണ്...അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വീണ്ടും നഷ്ടമാകും എന്നറിയാവുന്ന സ്നേഹവും,ബന്ധങ്ങളും,പുഴയും,അമ്പലവും,തട്ട് ദോശയും അങ്ങനെ ഒരു കൂട്ടം ഇഷ്ടങ്ങള്‍ കുറച്ചു നാളത്തേക്ക് സ്വന്തമാക്കാനായി...

Tuesday, June 22, 2010

ഒരു യാത്രയിലെ കാഴ്ചകള്‍

പനി പടരുകയാണ്.എല്ലാവര്ക്കും പനി.പലയിടത്തും മരണങ്ങള്‍ .ഇങ്ങനെ പോയാല്‍ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം,കൈയ്യലപ്പുറത്തെ തേങ്ങ പോലെ ആകും.രാവിലെ ചായ കുടിക്കാന്‍ എണീക്കുമ്പോള്‍ ഒരു കുളിരും ചുമയും വൈകിട്ട് ചായ കുടിക്കാന്‍ നോക്കുമ്പോള്‍ ആള് കാലി.എറണാകുളം കൊല്ലം ഫാസ്റ്റ്. രാത്രി 10 മണി.രാവിലെ പത്രത്തില്‍ കണ്ട പനി മരണങ്ങളുടെ വാര്‍ത്തകള്‍ ചുമ്മാ മനസ്സില്‍ കൂടെ കടന്നു പോയി.ബസ്സില്‍ തിരക്ക് വളരെ കുറവായിരിന്നു.പുറത്തു ചെറുതായി പെയ്യുന്ന മഴയുടെ നേര്‍ത്ത വിരലുകള്‍ മുഘത് വീഴുമ്പോള്‍ ഒരു സുഖം.ചെവിയില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണില്‍ കൂടി നല്ല മലയാളം പ്രണയ ഗാനങ്ങള്‍ ഒഴുകി വരുന്നു. കോളേജ് വെക്കേഷന്‍ തുടങ്ങി.ഇനി ഒരു മാസം വീട്ടിലെ ഫുഡും അടിച്ചു പരമ സുഖമുള്ള ബോറന്‍ ദിവസങ്ങള്‍.ആകെയുള്ള ആശ്വാസം ഫോണ്‍ ഇന്‍ പ്രോഗ്രാംസ് ആണ്.അതായത് ഫുള്‍ ടൈം ഫോണില്‍ ചിലവഴിക്കുക.ഇപ്പോള്‍ ബസ്‌ ചേര്‍ത്തല എത്താറായി.ഇനിയും 2 മണിക്കൂറുകള്‍ കൂടി യാത്ര ചെയ്യണം.ചേര്‍ത്തല ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു 10 മിനിറ്റു ചായ കുടിക്കാന്‍ സമയം ഉണ്ട് എന്ന്.മണി 10 30 .ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്.ബസ്‌ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി.യാത്രക്കാരില്‍ ചിലര്‍ പതിയെ മൂരി നിവര്‍ത്തി അവനവന്‍റെ സീറ്റില്‍ തന്നെയിരിന്നു ഉറക്കം തുടര്‍ന്ന്.ചിലര്‍ ബസ്സില്‍ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലെക്കും,സിഗരട്ട് വലിക്കാനും മറ്റുമായി ഇറങ്ങി.ഞാന്‍ എന്‍റെ സീറ്റില്‍ തന്നെ ഇരിന്നു.പതിയെ ഉറങ്ങാനായി കണ്ണുകളടച്ചു.അപ്പോളാണ് ഒരു ഒച്ച കേട്ട് ഞാന്‍ കണ്ണ് തുറന്നത്,ബസ്‌ സ്ടാന്റിന്റെ ഒരു കോണില്‍ ആള്‍ക്കൂട്ടം..ആരൊക്കെയോ ഉറക്കെ തെറി വിളിക്കുന്നു.ഒരു സ്ത്രീ കരയുകയും ഉറക്കെ പ്രാകുകയും ചെയ്യുന്നു.ആള്‍ക്കൂടം വലുതായി വന്നു..ബസ്സില്‍ ഉറങ്ങിക്കൊണ്ടിരുന്നവരെല്ലാം ചാടി എണീറ്റ്‌ ജനലില്‍ കൂടി പുറത്തെക്കെത്തി നോക്കുകയാണ്.ആകാംഷയോടെ ഞാനും തല ജനലില്‍ കൂടി വെളിയിലെക്കിട്ടു എത്തി നോക്കി.ചിലര്‍ ചേര്‍ന്ന് മെലിഞ്ഞു പൊക്കം കൂടിയ ഒരു കറുത്ത മനുഷ്യനെ പിടിച്ചു മാറ്റുന്നു.ഒരു ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ആണയാളുടെ വേഷം.അയാളുടെ മുണ്ടില്‍ ചോരക്കറ പുരണ്ടിരുന്നത് ഞാന്‍ കണ്ടു.നിലത്തു ഒരു സ്ത്രീ കിടക്കുന്നു.ആളുകള്‍ പിടിച്ചു മാട്ടുമ്പോളും ആ നീളം കൂടിയ ചുവന്ന ഷര്‍ട്ടിട്ട മനുഷ്യന്‍ ആ സ്ത്രീയുടെ അടിവയറ്റില്‍ തൊഴിക്കുകയാണ്.തേവിടിച്ചി' അയാള്‍ അലറി.ആളുകള്‍ വട്ടം പിടിച്ചു അല്ലെങ്കില്‍ അയാള്‍ അവളെ കൊന്നേനെ.വിടെടാ നായിന്‍റെ മക്കളെ ഈ കൂത്തിച്ചിയെ ഞാനിന്നു കൊല്ലും.അയാള്‍ അലറി.എന്‍റെ കുടുംബ കാര്യത്തില്‍ ഒരു നാറിയും ഇടപെടേണ്ട എന്ന് പറഞ്ഞു അയാള്‍ വീണ്ടും പുലഭ്യം പറയാന്‍ തുടങ്ങി.ആ സ്ത്രീ അപ്പോളും അയാളെ പ്രാകുകയായിരിന്നു.അവരുടെ ചെവിയില്‍ നിന്നും വായില്‍ നിന്നും ചോര ഒലിക്കുന്നു.സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലായപ്പോള്‍ ആളുകള്‍ ഓരോരുത്തരായി അവനവന്‍റെ ബസ്സുകളിലേക്ക് തിരിച്ചു കയറാന്‍ തുടങ്ങി.ആ നീളം കൂടിയ ചുവപ്പ് ഷര്‍ട്ടുകാരന്‍ അപ്പോളേക്കും എങ്ങോട്ടോ അപ്പ്രത്യക്ഷനായി.വീണു കിടന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് ഓരോ ഓട്ടോയില്‍ കേറ്റി വിട്ടു.എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി.ഞാന്‍ ഇരുന്ന ബസ്സില്‍ നിന്ന് ഇറങ്ങിയവരെല്ലാം തിരിച്ചു ബസ്സില്‍ കേറി.ചിലര്‍ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുന്നു.സംഭവം നേരിട്ട് അടുത്ത് കാണാന്‍ പറ്റിയതിന്റെ ചാരിതാര്ത്യവും സന്തോഷവും ഉണ്ടായിരിന്നു അവരുടെ മുഘങ്ങളില്‍.ഡ്രൈവറും ബസ്സില്‍ കേറി ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു പതിയെ നീങ്ങി തുടങ്ങിയപ്പോള്‍ ഒരു മനുഷ്യന്‍ ബസ്സിലേക്ക് ചാടിക്കേറി.അതെ അയാള്‍ തന്നെ ചുവന്ന ഷര്‍ട്ടിട്ട നീളം കൂടിയ കറുത്ത മനുഷ്യന്‍. അയാള്‍ കയറിയതും ആളുകള്‍ പതുക്കെ മുറുമുറുക്കാന്‍ തുടങ്ങി.അയാള്‍ എല്ലാവരെയും ഒന്നിരുത്തി നോക്കി.അത് കണ്ടപ്പോള്‍ എല്ലാവരുടെയും വായും ചുണ്ടും പതുക്കെ അടഞ്ഞു.അയാളുടെ ഷര്‍ട്ട് തുറന്നു കിടക്കുന്നു.രോമാവൃതമായ മെലിഞ്ഞ ശരീരം.അയാളുടിതിരുന്ന വെള്ള മുണ്ടില്‍ രക്തക്കറ.അയാള്‍ ചെരുപ്പിട്ടിട്ടില്ലായിരിന്നു.ബസ്സില്‍ ആകെ മൊത്തം ഒന്ന് നോക്കി എന്നിട്ട് ഞാനിരുന്നതിന്റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ വന്നിരിന്നു.മുന്‍പിലുള്ള കമ്പിയില്‍ കയ്യും തലയും ചേര്‍ത്ത് വച്ച് അയാള്‍ ഇരുന്നു.കണ്ടക്ടര്‍ അയാളുടെ അടുത്ത് വന്നു ടിക്കറ്റ്‌ ചോദിച്ചു.അയാള്‍ ഒന്നും മിണ്ടിയില്ല.ഒരു അമ്പതു രൂപ നോട്ടെടുത്ത് കൊടുത്തിട്ട് അയാള്‍ പറഞ്ഞു 'കൊല്ലം'.ഞാനയാളെ ശ്രദ്ധിച്ചു നോക്കി.ചെവിയില്‍ നിറയെ രോമം.കട്ടി മീശ,ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖം.അയാള്‍ക്ക്‌ കോം കണ്ണയിരിന്നു.ദയ ഒട്ടുമില്ലാതിരിന്ന ആ വൃത്തികെട്ട കണ്ണുകളില്‍ ഒരു വന്യത പ്രകടമായിരിന്നു.ബസ്‌ വേഗത കൈവരിച്ചു തുടങ്ങി.വീണ്ടും ചെറുതായിട്ട് മഴ വീഴുന്നു.ആ പൊക്കം കൂടിയ മനുഷ്യന്‍ ജനല്‍ കമ്പിയില്‍ ചാരിയിരുന്നുറങ്ങാന്‍ തുടങ്ങി.സ്വന്തം ഭാര്യയെ നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചിട്ടു സുഘമായുറങ്ങാന്‍ ഒരു ക്രിമിനല്‍ മനസ്സുള്ളവന് മാത്രമേ കഴിയൂ എന്ന് ഞാനോര്‍ത്തു.അങ്ങനെ ഓരോന്നാലോചിച്ച് സമയം പോയ്ക്കൊണ്ടിരിന്നു.ബസ്സിലുള്ളവരില്‍ ഏകദേശം എല്ലാവരും ഉറക്കത്തിലേക്കു വീണു കഴിഞ്ഞിരിന്നു.ബസ്‌ ആലപ്പുഴ എത്താറായി.മഴ പതിയെ ഉറക്കാന്‍ തുടങ്ങിയിരിക്കുന്നു. നല്ല വേഗത്തിലാണ് ബസ്‌ പോകുന്നത്.മണി 1130 .എല്ലാവരും ജനലിന്റെ ഷട്ടര്‍ അടച്ചിട്ടിരിക്കുന്നു.ഞാന്‍ പതിയെ എന്‍റെ സീറ്റിന്‍റെ വിന്‍ഡോ ഷട്ടര്‍ താഴേക്കു വലിച്ചടച്ചു.ഇപ്പോള്‍ ആകെ തുറന്നു കിടക്കുന്ന ഒരു ഷട്ടര്‍ എന്‍റെ മുന്‍പിലത്തെ സീറ്റിന്‍റെ ആണ്.ആ പൊക്കം കൂടിയ മനുഷ്യന്‍ മഴയും തണുപ്പിനെയും അവഗണിച്ചു ഷട്ടര്‍ തുറന്നിട്ടിരിക്കുന്നു.അതില്‍ കൂടി അടിക്കുന്ന മഴത്തുള്ളികള്‍ എന്‍റെ ദേഹത്തെക്കാണ് തെറിച്ചു വീഴുന്നത്.എന്തോ അതെനിക്ക് അസഹ്യമായി തോന്നി.മനസ്സില്‍ അയാളെ പ്രാകി കൊണ്ട് ഞാനും കണ്ണുകളടച്ചു ജനല്‍ കമ്പിയില്‍ ചാരി ഉറങ്ങാന്‍ തീരുമാനിച്ചു.ഇനിയും ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞാലെ ഹരിപ്പാട് എത്തുകയുള്ളൂ.പതിയെ ഞാന്‍ ഉറക്കത്തിലേക്കു വീണു.എപ്പോളോ വണ്ടി ഒന്ന് വല്ലാതെ കുലുങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു.അപ്പോള്‍ കണ്ട കാഴ്ച എനിക്ക് എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല.എന്‍റെ മുന്‍പിലത്തെ സീറ്റില്‍ ഇരുന്ന ആ പൊക്കക്കാരന്‍ ബസ്സിന്‍റെ ജനലിലൂടെ തലയും കൈകളും പുറത്തേക്കിട്ടു എണീറ്റ്‌ നിക്കുന്നു.എന്താണ് സംഭവിക്കുന്നത്‌ എന്ന് ചിന്തിക്കാന്‍ പറ്റുന്നതിനു മുന്‍പേ അയാള്‍ ജനലിലൂടെ പുറത്തേക്കു ചാടി.അതും എതിരെ വന്ന ഒരു പാണ്ടി ലോറിയുടെ മുന്‍പിലേക്ക്.ആരും ഒന്നും അറിഞ്ഞില്ല.പെട്ടെന്നുള്ള ഞെട്ടലില്‍ നിന്നും ഞാന്‍ തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞു.അയാള്‍ ലോറിയുടെ മുന്‍പില്‍ ഇടിച്ചു റോഡില്‍ വീണു.ആ ബസ്സില്‍ അത് കണ്ടത് ഞാന്‍ മാത്രം ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ തരിചിരിന്നു.ഒച്ച വക്കാനുള്ള ധൈര്യം വന്നില്ല.പകരം ഞാനെഴുന്നേറ്റു ഉറങ്ങിക്കൊണ്ടിരിക്കുന്ന കണ്ടക്ടറെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.ആദ്യം അത് വിശ്വസിക്കാതിരുന്ന അയാള്‍ പെട്ടെന്ന് കാര്യത്തിന്‍റെ ഗ്വരവം മനസ്സിലാക്കി.അയാള്‍ ധൃതിയില്‍ മുന്‍പോട്ടു നടന്നു ചെന്ന് ഡ്രൈവറോട് കാര്യം പറഞ്ഞു.പെട്ടെന്ന് തന്നെ ഡ്രൈവര്‍ വണ്ടി റോഡിന്‍റെ വശത്തേക്ക് മാറ്റി നിര്‍ത്തി.പുറകെ വന്ന വണ്ടിക്കാരെ കൈ കാണിച്ചു നിര്‍ത്തി ഡ്രൈവര്‍ കാര്യം ചോദിച്ചു ആരും ഒന്നും കണ്ടില്ല.അയാള്‍ ചാടിക്കഴിഞ്ഞിട്ടു,എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു 5 മിനിട്ട് സമയം വേണ്ടി വന്നു.ഞാന്‍ പിന്നെ കണ്ടക്ടര്ഇനെ അറിയിച്ചു ബസ്‌ നിര്‍ത്തിയപ്പോലെക്കും അയാള്‍ ചാടിയ സ്ഥല കഴിഞ്ഞു ഒരു നാല് കിലോമീറ്റെരിന്കിലും കഴിഞ്ഞിരിന്നു.ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഓരോരുത്തരായി എണീറ്റ്‌ കാര്യം അന്വേഷിച്ചു തുടങ്ങി.ഇനിയും നിന്നിട്ട് കാര്യമില്ല എന്നുള്ള തീരുമാനത്തില്‍ എല്ലാവരും ഉറച്ചു നിന്ന്.ഇപ്പോള്‍ തന്നെ വണ്ടി ലേറ്റ് ആണ്.എല്ലാവര്ക്കും വീടുകളില്‍ എത്തണം.അങ്ങനെ ഒരു പൊതുസമ്മത പ്രകാരം ഡ്രൈവര്‍ വണ്ടി വീണ്ടും വിട്ടു.തിരിച്ചു ബസ്സില്‍ കയറിയ എനിക്ക് കുറ്റബോധം ആണോ ഭയമാണോ എന്താണ് അപ്പോള്‍ തോന്നിയത് എന്നെനിക്കറിയില്ല.എന്‍റെ കണ്‍ മുന്‍പില്‍ വച്ചൊരു മനുഷ്യന്‍ മരണത്തിലേക്ക് സ്വയം എടുത്തു ചാടുന്നു.ഞാനത് കണ്ടു കൊണ്ട് പ്രതികരിക്കാനാകാതെ....എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.കണ്ണുകള്‍ ഇറുക്കി അടച്ചു ഞാനിരിന്നു.കുറച്ചു നേരം ആളുകള്‍ അയാളെക്കുറിച്ച് സംസാരിച്ചു.പിന്നെ എല്ലാവരും പഴയ പോലെ ഉറക്കത്തിലേക്ക്.പറഞ്ഞു പഴകിയ ഒരു മഹത് വാക്യം ഞാനോര്‍ത്തു.ജീവിതം ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ഒരു നീണ്ട യാത്ര ആണ്.ആ യാത്രയില്‍ കണ്ടു മുട്ടുന്ന അപരിചിതര്‍ നമ്മള്‍.അതെ ആ പൊക്കം കൂടിയ മനുഷ്യന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിന്നില്ലേ അത്.അപരിചിതന്‍ ആണെങ്കില്‍ പോലും കുറച്ചു നേരം യാത്രയില്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ .അയാള്‍ക്കൊരു അപകടം പറ്റി എന്നറിഞ്ഞിട്ടും വെറും നാലോ അഞ്ചോ കിലോമീറ്ററുകള്‍ വണ്ടി തിരിച്ചു വിടാന്‍ അതിലെ യാത്രക്കാര്‍ സമ്മതിച്ചില്ല.മനുഷ്യരുടെ സ്വാര്‍ത്ഥത.അയാള്‍ തല്ലിച്ചതച്ച ആ സ്ത്രീ അയാളുടെ ഭാര്യ ആയിരിക്കാം.അവര്‍ക്ക് കുട്ടികളും ഉണ്ടായിരിക്കാം.ആ കുട്ടികളും സ്ത്രീയും ഇന്ന് രാത്രിയില്‍ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും.നാളെ ചിലപ്പോള്‍ അറിയുന്നത് അയാളുടെ മരണ വാര്‍ത്ത ആയിരിക്കും.എത്ര ഉപദ്രവിച്ചാലും സ്വന്തം ഭര്‍ത്താവല്ലേ.അയാളുടെ കുട്ടികളുടെ അച്ഛനല്ലേ.എന്‍റെ മനസ്സില്‍ എന്തോ ഒരു സങ്കടം.
പിറ്റേന്ന് പത്രത്തില്‍ വായിച്ചു വഴിയരുകില്‍ ഒരു ശവശരീരം.തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ തല തകര്‍ന്നിരിക്കുന്നു.തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ കിടന്ന ആ മൃത ദേഹത്തെ കുറിച്ചുള്ള വിവരങ്ങളില്‍ ചുവന്ന ഷര്‍ട്ടും,വെള്ള മുണ്ടും ഏകദേശം 6 അടി ഉയരവുമുള്ള പുരുഷന്‍.അത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ അയാളുടെ കട്ടി മീശയും കോംകണ്ണും.ഇപ്പോളും പത്രങ്ങളില്‍ കാണുന്ന മരണ വാര്‍ത്തകളില്‍ തിരിച്ചറിയാത്ത ശവശരീരങ്ങളെ പറ്റി വായിക്കുമ്പോള്‍ ഞാനോര്‍ക്കും,ആരെങ്കിലും ഞാന്‍ ചെയ്തത് പോലെ നിശബ്ദനായി ആ മരണങ്ങള്‍ക്ക് ദ്രിക്സാക്ഷി ആയിട്ടുണ്ടായിരിക്കാം.എന്നെപ്പോലെ ഒന്നും ചെയ്യാനാകാതെ കൈയും കെട്ടി ആ ആത്മാഹൂതികള്‍ അല്ലെങ്കില്‍ കൊലപാതകങ്ങള്‍ ഒരര്‍ത്ഥത്തില്‍ കണ്ടു രസിച്ചിരിക്കാം.ഇപ്പോളും എവിടെയെങ്കിലും അയാള്‍ തല്ലിയ സ്ത്രീയും അവര്‍ക്ക് ഉണ്ടായിരിക്കാവുന്ന കുട്ടികളും അവര്‍ക്കുണ്ടായ തീരാ നഷ്ടത്തിന് അല്ലെങ്കില്‍ അവര്‍ക്കുണ്ടായ രക്ഷയെ കുറിച്ച് ഓര്‍ക്കുന്നുണ്ടായിരിക്കാം.എന്‍റെ കണ്‍ മുന്‍പില്‍ പൊലിഞ്ഞു പോയ ആ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ പോസ്റ്റ്‌ ഇവിടെ നിര്‍ത്തുന്നു..