വൈകിട്ടെന്താ പരിപാടി...
എല്ലാ ദിവസവും വൈകിട്ടത്തെ പരിപാടി ബോറടിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി കൂലംകശമായി ചിന്തിക്കാന്‍ തുടങ്ങി...
വൈകിട്ടെന്താ പരിപാടി...
" ഫിഷിങ്ങിനു പോയാലോ" കൂട്ടത്തില്‍ "ബുദ്ധിയുള്ള" അഗസ്റ്റിന്‍ അഭിപ്രായം പ്രകടിപ്പിച്ചു...
അത് കൊള്ളാം.....എല്ലാവരും ഏറ്റു പിടിച്ചു...
"ഫിഷിംഗ്"...ഈശ്വരാ ആലപ്പുഴയുടെ മധ്യഭാഗത്ത്....ഹരിപ്പാട്.. വെള്ളത്തിന്‍റെ നടുക്ക് ആറ്റില്‍ പള്ളത്തിയെ ഇഴത്തോര്‍ത്തു വച്ച് പിടിക്കുന്നത് കണ്ട ഓര്‍മ്മ മാത്രമുള്ള ഞാന്‍ ഇവിടെ ഓസ്ട്രേലിയയില്‍ കടലില്‍ ഫിഷിങ്ങിനു പോകുന്നു...പണ്ടേ എനിക്ക് വെള്ളം പേടിയാണ്,,,കുളിക്കാനും കുടിക്കാനും പിന്നെ മറ്റു ചില ആവശ്യങ്ങള്‍ക്കും (ഇവിടെ ആണെങ്കില്‍ ആ ആവശ്യങ്ങള്‍ക്ക് ടിഷുപേപ്പര്‍ ഉണ്ട്) പിന്നെ കള്ള് കുടിക്കുമ്പോള്‍ വെറുതെ ഒരു ജാടക്ക് രണ്ടു ഐസ് ഇടുന്നതുമാണ് ഞാനും വെള്ളവും തമ്മിലുള്ള ആകെയുള്ള ആത്മബന്ധം...ആ ഞാന്‍ കടലില്‍ മീന്‍ പിടിക്കാന്‍...ഓര്‍ക്കുമ്പോള്‍ തന്നെ ദവിടുന്നൊരു 12 വോള്‍ട്ട് ദേങ്ങോട്ടോ പാഞ്ഞു..
ഡോള്ഫിനും,സ്രാവും,പിന്നെ ഇതും പോരാത്തതിന് മുതലയും ഉള്ള ഈ ഡാര്‍വിന്‍ തീരത്ത് കടലില്‍ ഇറങ്ങുന്നത് തന്നെ അപകടമാണ്...അങ്ങനെയുള്ള കടലില്‍ ഞാന്‍....ദൈവമേ എന്തൊരു പരീക്ഷണം..
"ok ,നാളെ വൈകിട്ട് നാലുമണിക്ക് നമ്മള്‍ മീന്‍ പിടിക്കാന്‍ പോകുന്നു,രാവിലെ പോയി ചൂണ്ട ,വല,ആദിയായവ ഞാന്‍ വാങ്ങിച്ചോളാം.."ഘനഗംഭീര ശബ്ദത്തോടെ ജിസ്മോന്‍ അലറി.......
ജിസ്മോന്‍ പറഞ്ഞാല്‍ പറഞ്ഞതാ,എല്ലാരും അനുസരിക്കും,പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍ ജിസ്മോന്‍ ഒരു തീരുമാനം എടുത്താല്‍ എടുത്തതാ..
ദൈവമേ ഞാന്‍ കുടുങ്ങി...രണ്ടു വയസ്സുവരെ മുട്ടേല്‍ നീന്തിയതല്ലാതെ നീന്തലുമായി എനിക്ക് അനതിവിദൂരമായ ബന്ധം പോലും ഇല്ല...എങ്ങാനും വെള്ളത്തില്‍ വീണാല്‍ പിന്ന തോട്ടപ്പള്ളി തീരത്തെ ഞാന്‍ പൊങ്ങൂ എന്നെനിക്ക് ഉറപ്പാണ്...
സഭ പിരിഞ്ഞു...ഞാന്‍ നേരെ എന്‍റെ വീട്ടില്‍ എത്തി...ഈശ്വരാ ഇനി വെറും മണിക്കൂറുകള്‍ .....നാളെ നേരം വെളുക്കുമ്പോള്‍ വള്ളോം വലയുമായിട്ടു ലവരിങ്ങേത്തും...ഹോ എന്തൊരു പരീക്ഷണം...
ഐഡിയ...."അമരം,ചെമ്മീന്‍,ജലോത്സവം മുതലായ സിനിമകള്‍ രാത്രി ഇരുന്നു കാണാം..""
ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു...മരണം എന്നെ തുറിച്ചു നോക്കുന്നത് പോലെ...വേഗം തന്നെ മലയാളം സിനിമകള്‍ ഉള്ള സൈറ്റില്‍ ചാടിക്കേറി.
അങ്ങനെ രാത്രി മുഴുവന്‍ സിനിമയും കണ്ട്,u ടുബില്‍ നിന്ന് കുറച്ചു നീന്തല്‍ ടെക്ക്നിക്സും പഠിച്ച് ആത്മബലം വരുത്തി ഞാന്‍ കിടന്നുറങ്ങി..
പിറ്റേന്ന്....സ്ഥലം കടല്‍ത്തീരം...മണി 5 .....
ജിസ്മോന്‍,അഗസ്റ്റിന്‍,സജി,ഐമോന്‍ ,പിന്നെ ഞാനും .....
വലയും,ചൂണ്ടയും കാണിച്ച് ടെക്ക്നിക്കല്‍ വിശദീകരണം തരുകയാണ് ജിസ്മോന്‍...
ജിസ്മോന്‍...പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു 6 അടി പൊക്കം,90 കിലോ ഭാരം,മൊരുമൊരാ രോമം,പിന്നെ 5 സ്പീക്കര്‍ വോയിസ് സിസ്റ്റം,........ ആകാശത്തിനടിയിലും മുകളിലും സൈഡിലും ഉള്ള എന്ത് കാര്യത്തെ കുറിച്ചും "അപാരമായ" ജ്ഞാനം...ഇത്രയും ജ്ഞാനവും ആര്‍ക്കു വേണമെങ്കിലും പകര്‍ന്നു കൊടുക്കാനുള്ള വിശാല മനസ്കത...എന്ത് സംശയവും ഏത് പാതിരാത്രിയിലും പുള്ളിയോട് ചോദിക്കാം...ഇതാണ് ആ ആജാന ബാഹുവിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്,...പിന്നെ പിന്നെ മനസ്സിലായി നമുക്ക് ചോദിക്കമെന്നെ ഉള്ളൂ...ഉത്തരം പുള്ളിക്ക് തോന്നുന്ന രീതിയിലാണ്...ഞാന്‍ ഉദാഹരിക്കാം..
ചോദ്യം...ഡാ ജിസ്മോനെ ഈ അണ്ണാ ഹസ്സാരെ ആരാ??
ഉത്തരം ഫ്രം ജിസ്മോന്‍...അത് തമിഴ്നാട്ടില്‍ അണ്ണാ ഡി എം കെ ക്ക് ബതലായിട്ടു തമിഴ് ഈഴം മക്കളുടെ ഒരു പ്രോട്ടെസ്ട്ടിംഗ് വിംഗ് ആണ്...അത് 1991 മുതല്‍ നിലവിലുണ്ടായിരിന്നു...പക്ഷെ വീരപ്പന്‍ മരിച്ചപ്പോള്‍ ലങ്കന്‍ തീവ്ര വാദികള്‍, അതായത് പുലികള്‍ ഏറ്റെടുത്തു..അതിനു ശേഷം നോര്‍ത്ത് ഇന്ത്യയില്‍ 1998 മുതല്‍ സജീവമായിരിന്ന ഒരു വിഭാഗം വിമതര്‍ ഈ സംഘത്തോടൊപ്പം ചേര്‍ന്ന്...അങ്ങനെ ആണ് ഈ "അണ്ണാ ഹസാരെ" എന്ന ഗ്രൂപ്പ് ശക്തമായത്..അതുകൊണ്ടാണ് "അണ്ണാ..എന്ന് തമിഴകത്തെ പ്രതിനിധീകരിക്കുകയും, "ഹസാരെ" എന്നത് നോര്‍ത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു "അണ്ണാ ഹസാരെ"എന്നുള്ള ഒരു സംരഭം ഉരുത്തിരിഞ്ഞത്...
ചുരുക്കി പറഞ്ഞാല്‍ ഇതാണ് ജിസ്മോന്‍...എങ്ങനെയുണ്ട്???
ആ ജിസ്മോന്‍ ഇപ്പോള്‍ ചൂണ്ട ഉണ്ടാക്കിയിരിക്കുന്ന കോപ്പര്‍ അലുമിനിയം മിശ്രിതത്തെ കുറിച്ച് കടല്‍ത്തീരത്ത് വച്ച് പ്രസംഗം നടത്തുന്നു...
അന്തം വിട്ടു കുന്തം വിഴുങ്ങിയത് പോലെ ഞങ്ങള്‍....എനിക്കാണെങ്കില്‍ ഒന്നിനും രണ്ടിനും, ഒന്നുകൂടെ പോയാല്‍ കൊള്ളാമെന്നുണ്ട്..പക്ഷെ മുന്നില്‍ അതി വിശാലമായ കടല്‍....നാട്ടിലാണെങ്കില്‍ ഒന്നല്ല രണ്ടല്ല പത്തിന് വരെ പറ്റിയ location ...പക്ഷെ ഇത് ഓസ്ട്രെലിയ ആണ്...ലവന്മാര് satalite വഴി ലൈവ് telecast കാണും..സംഗതി മുഴുമിപ്പിക്കുന്നതിനു മുന്‍പ് തന്നെ പോലീസ് വരും...പിന്നെ ബാക്കി ഇന്ത്യന്‍ എമ്പസ്സിയിലോ ജെയിലിലോ മുഴുമിപ്പിക്കം...ഈ ഇന്ത്യന്‍ എംബസി എവിടെയാണിവിടെ അടുത്തുള്ളത് എന്ന് ഞാന്‍ ആലോചിച്ചു നിന്നപ്പോള്‍ പെട്ടെന്ന്..."ഡാ നീയാണ് ആദ്യം വെള്ളത്തില്‍ ഇറങ്ങേണ്ടത്"" ജിസ്മോന്‍ എന്നോട് ആജ്ഞാപിച്ചു..
ഞാന്‍ ചോദിച്ചു ..."ഡാ ജിസ്മോനെ എന്തിനാ വെള്ളത്തില്‍ ഇറങ്ങുന്നെ??കരക്കിരുന്നു ചൂണ്ടയിട്ടാല്‍ പോരെ??
ജിസ്മോന്‍ തെക്കുപടിഞ്ഞാറു ദിശയിലേക്കു കഴുത്ത് തിരിച്ചിട്ട് ഇങ്ങനെ മൊഴിഞ്ഞു..."നീ കാറ്റ് വീശുന്നത് കണ്ടില്ലേ?കടല്‍ക്കാക്കള്‍ പറക്കുന്നത് കണ്ടില്ലേ??എന്തിനു ഈ മണല്‍ത്തരികളുടെ നനവ് അനുഭവിക്കുന്നില്ലേ??ഇത് കടലിറങ്ങുന്ന സമയമാണ്...അതായത് ചന്ദ്രായനം...ഓ സോറി നിനക്ക് മനസ്സിലായില്ല അല്ലെ??ചന്ദ്രയാനം എന്ന് വച്ചാല്‍ ചന്ദ്രനിലെ ജലതന്മാത്രകളും ഭൂമിയിലെ ജലതന്മാത്രകളും തമ്മിലുള്ള ഒരു electro magnetic ബോണ്ട് ശക്തമാകുന്ന സമയമാണിത്...so we will all go into the sea and will use fishing net instead ഓഫ് ചൂണ്ട.."""
ജിസ്മോന്‍ കുറച്ചു നേരം കണ്ണുകള്‍ അടച്ചു നിന്ന്...ഞങ്ങള്‍ അവന്‍റെ മുഖത്തേക്ക് നോക്കി ബഹുമാനത്തോടെ നിന്ന്...
പെട്ടെന്ന് വെകിളി പിടിച്ച കാളയെ പോലെ ജിസ്മോന്‍ വെട്ടിത്തിരിഞ്ഞ് കടലിലേക്ക് നടന്നു...കണ്ടാല്‍ മമ്മൂട്ടി കിങ്ങില്‍ നടക്കുന്ന പോലെ....
ഞങ്ങള്‍ എല്ലാം പുള്ളിയെ ഫോള്ലോ ചെയ്തു...
പെട്ടെന്ന് ജിസ്മോന്‍ തിരിഞ്ഞു....എന്നെ നോക്കി ഇങ്ങനെ അലറി.."നമ്മള്‍ വലയും പിടിച്ചു കൊണ്ട് കടലിലെക്കിറങ്ങും,വലയുടെ ആദ്യത്തെ അറ്റം നിന്‍റെ കൈയിലായിരിക്കും ,പിന്നെ അഗസ്റ്റിന്‍,സജി,ഐമോന്‍ എന്നിവര്‍ വലയുടെ ബാക്കി ഭാഗവും പിടിച്ചു കടലിലെക്കിറങ്ങും,വലയുടെ എന്‍ഡ് ഞാന്‍ പിടിക്കും...നമ്മള്‍ കടലില്‍ ഒരു തട സൃഷ്ട്ടിക്കും...ഇതാണ് പ്ലാന്‍...ഓക്കേ
(ഇവിടെ കടല്‍ ഇറങ്ങുമ്പോള്‍ നമ്മുക്ക് കിലോ മീറ്ററുകള്‍ കടലിലേക്ക് നടക്കാന്‍ പറ്റും,അങ്ങനെ നടന്നു ചെന്ന് കടല്‍ ഇടുങ്ങുന്ന ഭാഗത്ത് ചെന്ന് തടയുണ്ടാക്കി ഉടക്ക് വല വച്ച് മീന്‍ പിടിക്കാം,,ഇവിടെ അത് സാധാരണമാണ്,പക്ഷെ അപകടം പിടിച്ചതും,കാരണം കടലിനടുത്തുള്ള വെള്ളക്കെട്ടുകളില്‍ നിന്നും മുതല കയറി വരാനുള്ള സാധ്യത കൂടുതലാണ്,കൂടാതെ വിഷമുള്ള ജെല്ലി ഫിഷ് ധാരാളമായി ഉള്ളതുമാണ്,വളരെ പരിചയ സമ്പന്നരായ സായിപ്പന്മാര്‍ മാത്രം ചെയ്യുന്ന പണി ,അതാണ് ജിസ്മോന്‍ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ പോകുന്നത്..)
ജന്മനാ തന്നെ വളരെ പേടി ഉള്ള ഞാന്‍ ഉടനെ എന്‍റെ നയം വ്യക്തമാക്കി ..."ഇല്ല എനിക്ക് പറ്റില്ല കടലില്‍ ഇറങ്ങാന്‍"
ജിസ്മോന്റെ മുഖം "ഇരുണ്ടു"...അവന്‍ എന്നോട് പറഞ്ഞു..."ഓക്കേ ....നീ വെള്ളത്തില്‍ ഇറങ്ങണ്ട,,കരക്കിരിന്നോ,പക്ഷെ നിനക്കൊരു ജോലി ഉണ്ട്...ഞങ്ങള്‍ പിടിക്കുന്ന മീന്‍ സൂക്ഷിക്കുക,കൂടാതെ എന്തെങ്കിലും അപകട സാധ്യതകള്‍ കണ്ടാല്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തരുക...ഓക്കേ..."
ഓക്കേ..എനിക്ക് സന്തോഷമായി...
പെട്ടെന്ന് കൂട്ടത്തില്‍ ധൈര്യശാലിയെന്നു ഭാവിക്കുന്ന അഗസ്റ്റിന്‍ പറഞ്ഞു.."എനിക്ക് പറ്റില്ല ആദ്യം ഇറങ്ങാന്‍"
അങ്ങനെ ഓരോരുത്തര്‍ പിന്മാറി...അവസാനം ജിസ്മോന്‍ പ്രഖ്യാപിച്ചു.."ഓക്കേ എല്ലാവര്‍ക്കും പേടിയാണെങ്കില്‍ ഞാന്‍ ആദ്യം ഇറങ്ങാം.."
അന്നാദ്യമായി ജിസ്മോന്റെ ധൈര്യത്തില്‍ ഞാന്‍ അന്തം വിട്ടു..
അങ്ങനെ വടം വലിക്കാന്‍ പോകുന്ന തടിയനെ പോലെ ജിസ്മോന്‍ വെള്ളത്തിലേക്ക് മാര്‍ച്ച് ചെയ്തു..പുറകെ ബാക്കിയുള്ളവരും...
അവര്‍ വെള്ളത്തില്‍ ഉടക്ക് വല ഫിറ്റ് ചെയ്യുമ്പോള്‍ ഞാന്‍ കരയില്‍ അപകടം അറിയിക്കാനായി നിന്നു...
പെട്ടെന്നാണ് എന്തോ ഒരു കറുത്ത പൊങ്ങു തടി പോലെയുള്ള സാധനം അങ്ങ് ദൂരെ നിന്നു ഒഴുകി വരുന്നത് ഞാന്‍ കണ്ടത്..കൈയിലുള്ള സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് ഞാന്‍ സൂക്ഷിച്ചു നോക്കി...എന്താണെന്ന് മനസ്സിലാകുന്നില്ല...അവരെല്ലാം വല അഡ്ജസ്റ്റ് ചെയ്യുന്ന തിരക്കിലാണ്...പെട്ടെന്ന് എന്‍റെ നെഞ്ചില്‍ ഒരു തീ..അത് ഒരു മുതലയല്ലേ???
ഞാന്‍ അലറി വിളിച്ചു.."ഡാ മുതല...കരക്ക് കേറ് മുതല വരുന്നു"
അത് കേട്ടപ്പോള്‍ അവരെല്ലാം ഞെട്ടിത്തരിച്ചിട്ടു ഞാന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.....ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവര്‍ നിന്നു....പക്ഷെ ഞാന്‍ ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരിന്നു...ഞാന്‍ ഓടി..അങ്ങ് ദൂരെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി...ഏതാണ്ട് ഒരു കിലോമീറെര്‍ അപ്പുറത്താണ് കാര്‍...ഞാന്‍ ഓടുകയാണ്...കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു...അവന്മാരെ ഇപ്പോള്‍ മുതല തിന്നുകയായിരിക്കും...ഞാന്‍ ഓടി...തിരിഞ്ഞു നോക്കാന്‍ ശക്തിയില്ല...എന്‍റെ തടി രക്ഷിക്കണം......മരണവെപ്രാളത്തില്‍ ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്...എന്‍റെ പുറകില്‍ നിന്നൊരു വലിയ ശക്തി എന്നെ പിന്തുടരുന്നത് പോലെ...ഞാന്‍ ഉറപ്പിച്ചു...അവന്മാരെ മുതല തിന്നു...
ഞാന്‍ ഓടി..കാറിലേക്ക് ഉള്ള ദൂരം ഇനി ഒരു അരക്കിലോമീറെര്‍ കൂടി...പെട്ടെന്ന് എന്‍റെ പുറകില്‍ നിന്നും വലതു വശത്ത് കൂടി ഒരു വലിയ മനുഷ്യന്‍ കാറ്റു പോലെ എന്നെ പാസ് ചെയ്തു പോയി..."അയ്യോഓഒ........എന്നും വിളിച്ചു കൊണ്ട് ആ രൂപം പോകുന്നത് കണ്ടപ്പോള്‍ ഉസ്സൈന്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡ് ഇട്ട ഓട്ടം ആണ് എന്‍റെ മനസ്സിലേക്ക് വന്നത്...ഞാന്‍ എവിടെയോ കണ്ട രൂപം ...ങേ...ജിസ്മോനല്ലേ അത്...ആണോ??ആ മനുഷ്യന്‍ ഇത്രേം സ്പീഡില്‍ ഓടുമോ??ഞാന്‍ ഓടി വണ്ടിയുടെ അടുത്തെത്തി..നോക്കിയപ്പോള്‍ ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍...
ജിസ്മോന്‍ എന്നോട് കിതച്ചു കൊണ്ട് ചോദിച്ചു..."നീ...നീ...എന്തിനാ...ഓടിയത്""
ഞാന്‍ പറഞ്ഞു.."മുത...മുതല..."
അയ്യോഒ........ടിം...ദേ ജിസ്മോന്‍ വണ്ടിക്കുള്ളില്‍ ബോധം കേട്ട് വീണു...
അവസാനരംഗം...
ഞാന്‍,ഐമോന്‍,സജി,അഗസ്റ്റിന്‍,ജിസ്മോന്‍ ......
സ്ഥലം അഗസ്റ്റിന്റെ വീട്...
ജിസ്മോന്‍ എണീറ്റു നിന്നിട്ട് പറഞ്ഞു....."അത് വെറും ഒരു തടിക്കഷ്ണമായിരിന്നു...ഓക്കേ..കാരണം ഒരു 500 കിലോ ഭാരം വരുന്ന മുതലയ്ക്ക് മാക്സിമം നീന്താന്‍ കഴിയുന്ന വേഗത 20 km / hour ആണ്...പ്രത്യേകിച്ചും കടലിറങ്ങി കിടക്കുമ്പോള്‍ മണല്‍ത്തിട്ടകള്‍ ഉള്ള കാരണം ഈ വേഗത കൈവരിക്കാന്‍ പോലും അതിനു കഴിയില്ല...പിന്നെ അതൊരു വെറും തടിക്കഷ്ണമാണ് എന്ന് പറയാനുള്ള കാരണം ആ വസ്തുവിന് ജീവനുള്ള ഒരു ജീവി കാണിക്കുന്നത് പോലെയുള്ള ആക്റ്റീവ് ആയിട്ടുള്ള മൂമെന്റ്സ് ഇല്ലായിരിന്നു.."ഇത്രയും പറഞ്ഞു കൈയിലുള്ള ചായയും ഊതിക്കുടിച്ച് രണ്ട് ചിപ്സും കൊറിച്ച് കണ്ണടച്ച് ജിസ്മോന്‍ ഇരിന്നു....
പക്ഷെ ഇപ്പോളും എനിക്കറിയില്ല 90 കിലോ ഭാരവും ന്യായമായി കുടവയറുമുള്ള ജിസ്മോന്‍ എങ്ങനെ ഉസ്സൈന്‍ ബോള്‍ട്ടിനെ പോലെ ഓടി വണ്ടിയില്‍ എത്തിയെന്ന്..ഇപ്പോളും ഒരു കടങ്കഥ ആയി അത് മനസ്സില്‍ കിടക്കുന്നു...