Friday, May 8, 2009

യുഗപുരുഷന്മാര്‍

ഹൃദയം ചിതലരിക്കുന്നു...ചിന്തകള്‍ ചുടല പറമ്പുകള്‍.. ആത്മാവ് ഉറങ്ങിക്കിടക്കുന്നു,മാനുഷികത നിലം പൊത്തുന്നു.. കണ്ണുകളില്‍ തിമിരം വലകെട്ടുന്നു... യുവത്വം വാളെടുക്കുന്നു.. ഗാന്ധിത്തലകള്‍ വെറും കടലാസ് ചീളുകള്‍.. ചുവപ്പും താമരയും പിന്നെ കൈയും ശീല വീര്‍പ്പിക്കുന്നു. ഭ്രാന്താലയം...വിവേകാനന്ദന്‍മാര്‍ അലമുറയിടുന്നു കാരാഗൃഹങ്ങള്‍ വിനോദ കേന്ദ്രങ്ങള്‍.. ഗര്‍ഭപാത്രങ്ങള്‍ തുരക്കുന്നു...ഭ്രൂണങ്ങള്‍ വെട്ടി നുറുക്കുന്നു.. പെണ്‍കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...അവരുടെ അടിവയറില്‍ നഖപ്പാടുകള്‍.. എവിടെപ്പോയ്‌ കൃഷ്ണനും ക്രിസ്തുവും മുഹമ്മദും എങ്ങുപോയ് മതവും ജാതിയും ഒരു തുള്ളി കണ്ണീര്‍ പോഴിക്കാനുമാകുന്നില്ല കാരണം ഈ ജഡങ്ങള്‍ എന്‍റെ മതക്കാരല്ല ഹൃദയം നുറുങ്ങുന്നില്ല,കാരണം മരിച്ചവര്‍ എന്‍റെ രാഷ്ട്രീയ ശത്രുക്കള്‍.. ഞാന്‍ കരയില്ല..എന്‍റെ ഹൃദയം നുറുങ്ങില്ല വെറുക്കാന്‍ പഠിച്ചു ഞാനെന്‍ സഹോദരങ്ങളെ.. ഒരപേക്ഷയുണ്ട് ഇനി മേല്‍ അവതാര പുരുഷന്മാര്‍ ജനിക്കരുത്... ഞങ്ങള്‍ സന്തുഷ്ടരാണ്..കൊലചോറുണ്ട് ഞങ്ങള്‍ വയര്‍ നിറക്കുന്നു രക്തം കുടിച്ച്‌ ദാഹം മറക്കുന്നു.പെണ്ണിന്‍റെ മേല്‍ കാമം കയറൂരുന്നു... ഇനി സ്വസ്ഥത നശിപ്പിക്കാന്‍ ഒരു യുഗപുരുഷന്മാരുംഇവിടെ ജനിക്കരുത്... ഇതാണ് സ്വര്‍ഗം....ഇതാണ് സ്വര്‍ഗം...

Thursday, May 7, 2009

ഭൂമിയിലെ സ്വപ്‌നങ്ങള്‍

അതൊരു തണുത്ത പകല്‍ ആയിരിന്നു....ജനുവരി പതിമൂന്ന്...ലോകം മുഴുവന്‍ സന്തോഷിക്കുനനതായി തോന്നി....എന്റെ ബന്ധുക്കള്‍,സുഹൃത്തുക്കള്‍...കാരണം ഞാനിന്നെന്റെ ജന്മനാട് വിടും...സ്വപ്‌നങ്ങള്‍ സത്യമാക്കുന്ന നാട്ടിലേക്ക്....ആസ്ത്രേലിയ...രാത്രി ഒന്‍പതു മണിക്കാണ് ഫ്ലൈറ്റ്..നെടുമ്പാശ്ശേരിയില്‍ നിന്ന്..


ജനുവരി പതിമൂന്ന്....അന്ന് രാവിലെ കിടക്കയില്‍ നിന്നെനീക്കാന്‍ വല്ലാത്ത മടി...എന്‍റെ മുറിയില്‍ ഇനി ഒരു രാത്രി ഇല്ല...നാളെ മുതല്‍ എന്‍റെ ശൂന്യത മാത്രമായിരിക്കും ആ മുറിയില്‍..ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ട തലയിണ,പുതപ്പ്‌,എനിക്കിഷ്ട്ടപ്പെട്ട മണമുള്ള എന്‍റെ കിടക്ക....എല്ലാം എന്‍റെ...വല്ലാത്ത ഒരു സ്വാര്‍ഥത തോന്നുന്നു...ഇതെല്ലാം എനിക്ക് നഷ്ടമാകും...കുറെ പുതിയ കിടക്കവിരിയും മറ്റും വാങ്ങിയിരിന്നു...ഇന്നലെ മുഴുവന്‍ പാക്കിംഗ് ആയിരിന്നു...സുഹൃത്തുക്കള്‍,കസിന്‍സ്, അങ്ങനെ ഒരു ബഹളം...എല്ലാവരുടെ മുഘതും സന്തോഷം...ചിലര്‍ ഭാവിക്കുന്നു....അഭിനയിക്കുന്നു....ബന്ധുക്കള്‍...ചിലപ്പോള്‍ ശത്രുക്കള്‍....ആ സിനിമാപ്പാട്ട് ഒച്ചത്തില്‍ വയ്ക്കണം എന്നാഗ്രഹിച്ചു...പക്ഷെ അങ്ങനെ ചെയ്‌താല്‍ അമ്മ എന്നെ കൊല്ലും...അത് കാരണം കടുംകൈക്കൊന്നും പോയില്ല....വീണ്ടും റൂമിലേക്ക്‌ തിരിച്ചു വരാം....ആ കിടക്കയില്‍ ഞാന്‍ കമിഴ്ന്നാണ് കിടന്നിരിന്നത്....ചെറുപ്പം മുതല്‍ ഈ പ്രായം വരെ അങ്ങനെ തന്നെ....ചെറുപ്പത്തില്‍ ഞാന്‍ കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ അമ്മ എന്നെ മലര്തിക്കിടത്തുമായിരിന്നു....കമിഴ്ന്നു കിടന്നുറങ്ങിയാല്‍ ശ്വാസം മുട്ടി മരിക്കും എന്നൊക്കെ എന്നെ പേടിപ്പിച്ചു...പക്ഷെ ഞാന്‍ ചത്തില്ല...ഇപ്പോള്‍ വരെ...കമിഴ്ന്നു കിടന്നിരുന്നത് കൊണ്ട് കുറെ ഗുണങ്ങള്‍ ഉണ്ടായി...കിടക്കയില്‍ മുള്ളുക എന്നുള്ള നിരുപദ്രവകരമായ പ്രവര്‍ത്തി ഞാന്‍ ഉണരുന്നത് വരെ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല....ഏകദേശം ഒരു നല്ല മാന്യമായ പ്രായം വരെ ഞാന്‍ ഈ കലാപരിപാടി ആസ്വദിച്ചിരിന്നു..പ്രായം പറയുന്നില്ല...എന്‍റെ സ്ത്രീ സുഹൃത്തുകള്‍ ചിലപ്പോള്‍ ഈ പോസ്റ്റ്‌ വായിച്ചാല്‍.... എന്‍റെ ഇളയ സഹോദരന്‍....അതായത് എന്‍റെ അനിയന്‍...കുറച്ചു ബഹുമാനം കൊടുത്തതാ...അവനും ഇത് വായിക്കും...ഞങ്ങളുടെ പൊടിയന്‍...എന്‍റെ നല്ല സുഹൃത്ത്‌....കുറച്ചുകാലം എന്‍റെ മൂത്രത്തിന്‍റെ പാപഭാരത്തിന്റെ മുള്‍ക്കിരീടം അവന്റെ തലയില്‍ ഞാന്‍ ചാര്‍ത്തിക്കൊടുതിരിന്നു...അദ്ദേഹത്തിന് പേടിയുടെ അസുഘമുണ്ടായിരുന്നതിനാല്‍ രാത്രി ആയാല്‍ എന്‍റെ മുറിയില്‍ ആണ് പുള്ളിയുടെ കിടപ്പ്...അതെനിക്കൊരു വരമായി...ടെന്‍ഷന്‍ ഇല്ലാതെ ഉറങ്ങാം...കാരണം മൂത്ര പാപം അവന്‍റെ തലയില്‍ കെട്ടി വയ്ക്കാം....കുറച്ചു നാള്‍ അവന്‍റെ കെയറോഫില്‍ ഞാന്‍ മുള്ളി...രാവിലെ കിടക്ക നനഞ്ഞിരിക്കുന്നത് നോക്കി മൌനിയായി ഇരിക്കുന്ന അവനെ ഞാന്‍ കണക്കിന് കളിയാക്കും...അങ്ങനെ ഒഴിക്കാത്ത മൂത്രത്തിന്‍റെ നാണക്കേടുമായി അവന്‍ എല്ലാ ദിവസവും തല താഴ്ത്തി മുറിയില്‍ നിന്നുമിരങ്ങിപ്പോകും...നാണക്കേട്‌ കാരണം അവന്‍ ആരോടും ഒന്നും പറഞ്ഞില്ല..... കുറച്ചുകൂടി തിരിച്ചറിവ് വന്നപ്പോള്‍ അനിയന്‍ അവന്‍റെ റൂമില്‍ ചേക്കേറി...അതോടെ എന്‍റെ കാര്യം കഷ്ടമായി...പക്ഷെ അതുകഴിഞ്ഞ്പ്പോലെക്കും എന്‍റെ ആ ചെറിയ സ്വഭാവ ദൂഷ്യം മാറിയിരിന്നു...എന്നാലും എന്‍റെ മുറി...ഇന്നെനിക്കു നഷ്ടമാകും...ഇനി എപ്പോള്‍ ആണെനിക്കൊന്നിവിടെ കിടക്കാന്‍ പറ്റുക അറിയില്ല...എന്‍റെ മുറിയില്‍ ഞാനിഷ്ട്ടപ്പെട്ടത്‌ കിടക്കയെ മാത്രമല്ല...എന്‍റെ പുസ്തകങ്ങളെ...പാഠപുസ്തകങ്ങള്‍ അല്ല...ചെറുപ്പം മുതല്‍ ഞാന്‍ വായിച്ചിരുന്ന ബാലരമ മുതല്‍ വരുന്നതിനു മുന്‍പ് വായിച്ചു തീര്‍ത്ത അമ്മ എന്ന പുസ്തകം വരെ...പിന്നെ എന്‍റെ പ്രിയപ്പെട്ട ചുമര്‍ ചിത്രങ്ങള്‍....എല്ലാം നഷ്ടങ്ങള്‍....അമ്മ വന്നു വിളിച്ചപ്പോലാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌..."എണീക്ക് പപ്പാ(എന്‍റെ നാട്ടിലെ.. എന്‍റെ നാമധേയം) മണി എട്ടായി..കുളിച്ചിട്ടു വാ വല്ലതും കഴിക്കാം"എന്തായിരിക്കും കഴിക്കാന്‍ എന്ന് ഞാന്‍ ചോദിച്ചില്ല...എനിക്കറിയാം....അമ്മ അന്ന് എനിക്കേറ്റം പ്രിയപ്പെട്ട ഭക്ഷണമേ ഉണ്ടാക്കൂ....നല്ല അരിപ്പുട്ടും പയറും പിന്നെ പപ്പടവും...എനിക്ക് മാത്രം ഇഷ്ടമുള്ള വിഭവം...അച്ഛനും അനിയനും അത് ഇഷ്ടമല്ല....


ഉച്ചക്ക് ഒരുമണി... ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഊണ് വീട്ടില്‍ നിന്നായിരിന്നു....എല്ലാര്ക്കും ഒത്തു കൂടാന്‍ സന്തോഷം പങ്കു വയ്ക്കാന്‍...എന്നെ നാട്ടില്‍ നിന്നോടിക്കുന്നതിന്റെ....എല്ലാവര്ക്കും സന്തോഷം...പൊട്ടിച്ചിരികള്‍...പെണ്ണുങ്ങള്‍ കൂടുന്നിടത്ത് വിഷയ ദാരിദ്ര്യം ഉണ്ടോ എന്ന് തോന്നിപ്പോയ്‌....എല്ലാ സ്ത്രീ ജനങ്ങള്‍ക്കും ഒറ്റ വിഷയം...എന്‍റെ കല്യാണം.....ഇന്ന് ഞാന്‍ പോകുന്നതിനെക്കുറിച്ച് സ്ത്രീ സംസാരമില്ല...പകരം കല്യാണം...അമ്മായിമാര്‍ മത്സരിക്കുന്നു കൂടുതല്‍ ഉച്ചത്തില്‍ അത് പറയാന്‍...അമ്മ മാത്രം മിണ്ടാതെ കറി വയ്പ്പില്‍ മുഴുകിയത് പോലെ ഭാവിക്കുന്നു...എന്‍റെ കാര്യത്തില്‍ എല്ലാവര്ക്കും കുറച്ചു അന്കലാപ്പ് കൂടുതലാണ്...കാരണം ആ വലിയ കുടുംബത്തിലെ തലതെറിച്ച ആണ്‍ തരിയാണ് ഞാന്‍...കസിന്‍ ചേട്ടന്മാരൊക്കെ കല്യാണം കഴിഞ്ഞു പത്തി മടക്കി...വേറെയുമുണ്ട്‌ കാരണങ്ങള്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ ഒരു രാത്രി കഴിഞ്ഞ ആദ്യത്തെ വ്യക്തിയും എന്‍റെ കുടുംബത്തില്‍ ഞാന്‍ തന്നെ...കാരണം ഞാന്‍ അടുത്ത പോസ്റ്റില്‍ എഴുതാം...കടന്നു ചിന്തിക്കണ്ട....പെണ്ണ് കേസ് അല്ല...അങ്ങനെ വിഭവ സമൃദ്ധമായ ഊണും കഴിഞ്ഞു എല്ലാവരും പല ഇടങ്ങളിരിന്നു ചര്‍ച്ചകള്‍...കൂട്ടത്തില്‍ അറിവുണ്ടെന്ന് ഭാവിക്കുന്ന കൊച്ചച്ചന്‍ ഓസ്ട്രലിയിലെ സാമ്പത്തിക സാംസ്കാരിക സാമൂഹിക തലങ്ങലെക്കുറിച്ചു വാ തോരാതെ സംസാരിക്കുന്നു...അച്ഛനും ആ ബൌധിക വിസ്ഫോടനങ്ങള്‍ നടക്കുന്ന സദസ്സില്‍ ഉണ്ടായിരിന്നു...ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഞാന്‍ എന്‍റെ മുറിയില്‍...മനസ്സ് വിങ്ങുന്നു...ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം....ഞാനെന്‍റെ നാട് വിടും...ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പൂഴി മണ്ണുള്ള എന്‍റെ കൊച്ചു ഗ്രാമം...എന്‍റെ മനസ്സും ഓര്‍മ്മകളും കേട്ടുപിണര്‍ന്നു കിടക്കുന്ന എന്‍റെ ഗ്രാമം...ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ എന്നോടൊത്തു കളിച്ചിരുന്ന എന്‍റെ കൂട്ടുകാരുള്ള ഗ്രാമം...ഞാന്‍ ദിവസവും വൈകിട്ട് പോകാറുള്ള എന്‍റെ പ്രിയപ്പെട്ട കൃഷ്ണന്‍റെ ക്ഷേത്രമുള്ള നാട്...നാട്ടിലുള്ളപ്പോള്‍ ദീപാരാധന കാണുന്നത് മുടക്കിയിട്ടില്ല...കൃഷ്ണനേം കാണാം ഗോപികമാരേം കാണാം...അങ്ങനെ കണ്ട ഒരു പെണ്‍കുട്ടി....നമുക്കവളെ ഗായത്രി എന്ന് വിളിക്കാം...ചിരിക്കാനറിയാത്ത പെണ്‍കുട്ടി....എപ്പോളും ഒരു ശോക ഭാവം അവള്‍ക്കുണ്ടായിരിന്നു....ഇരു നിറമുള്ള അവളുടെ കണ്ണുകള്‍ ആയിരിന്നു ഏറ്റവും മനോഹരം....ആ കണ്ണുകള്‍ കൂമ്പി അവള്‍ കണ്ണനോട് സ്വകാര്യം പറയുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്....ആ കാഴ്ചയും എനിക്ക് നഷ്ടമാകും...താഴെ ചര്‍ച്ചകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു....എന്‍റെ ശ്രദ്ധ വീണ്ടും അമ്മാവന്മാരുടെയും ബന്ധുക്കളുടെയും ഒച്ചപ്പാടുകളില്‍ അലിഞ്ഞു...


സമയം നാല് മണി...
ഇനി ഒരു മണിക്കൂര്‍....അഞ്ചു മണിക്ക് വീട്ടില്‍ നിന്നിറങ്ങണം...രണ്ടു മണിക്കൂര്‍ വേണം നെടുമ്പാശ്ശേരിയില്‍ എത്താന്‍...എന്‍റെ ഹൃദയം ഭാരം താങ്ങാന്‍ വയ്യാതെ വിറക്കുന്നു....ലഗ്ഗെജുകള്‍ എല്ലാം ശരിയാക്കി.... എല്ലാവരും തിരക്കിലാണ്...ഫോണ്‍ കാളുകള്‍, അയല്‍ക്കാര്‍..എല്ലാവരും നന്മകള്‍ നേരുന്നു...എല്ലാവരും സന്തോഷിക്കുന്നു....ഞാന്‍ മാത്രം ഭൂമി പിളര്‍ന്നു താഴേക്കു പോകുന്നു...അച്ഛനും അമ്മയും...അവരുടെ മുഘത് കപടമായ സന്തോഷം...അവരുടെ ഉള്ളു പിടയുന്നതെനിക്കറിയാം...ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടുന്നില്ലാ...പോകാന്‍ ഒരുങ്ങി ഞാന്‍ നിന്നു...അമ്മൂമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചപ്പോള്‍ എത്ര ശ്രമിച്ചിട്ടും അടക്കി നിര്‍ത്താന്‍ പറ്റാഞ്ഞ ഒരിറ്റു കണ്ണീര്‍ തുള്ളി എന്‍റെ അനുവാദമില്ലാതെ ആ കാല്‍പ്പാദങ്ങളില്‍ വീണു...അമ്മൂമ്മ അറിഞ്ഞു കാണുമോ??അറിയണമേ എന്നാഗ്രഹിച്ചു....


നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്..സമയം എട്ടു മണി..
ചെക്കിന്‍ ചെയ്യാന്‍ സമയമായി...അച്ഛന്‍,അമ്മ,അനിയന്‍,അമ്മാവന്‍...ഇവരോടെല്ലാം എങ്ങനെ യാത്ര പറയുമെന്നെനിക്കറിയില്ല....അച്ഛന്‍ എന്നോടിന്നു കൂടുതലൊന്നും സംസാരിച്ചിട്ടില്ല...ഞാനെങ്ങനെ അച്ഛനോട് യാത്രപറയും...ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന വ്യക്തി...ബഹുമാനിക്കുന്ന വ്യക്തി...നിമിഷങ്ങള്‍ക്ക് ഒച്ചിന്റെ വേഗത...ആ ജനക്കൂട്ടത്തില്‍ നിന്നു എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് വരെ ചിന്തിച്ചു....ഓടിപ്പോയ് എന്‍റെ മുറിയില്‍ കേറാന്‍..എന്‍റെ പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക് മയങ്ങി വീഴാന്‍ എന്‍റെ ഹൃദയം തുടിക്കുകയായിരിന്നു....പക്ഷെ പറ്റില്ല...കുറെയേറെ ആളുകളുടെ പ്രതീക്ഷകളും പേറിയാണ് ഞാന്‍ പറക്കാന്‍ പോകുന്നത്...എന്‍റെ ചെറിയ ഇഷ്ടങ്ങള്‍ക്ക് വേണ്ടി അതൊന്നും തകര്‍ക്കാന്‍ പാടില്ല...യാത്രക്കാര്‍ ഓരോരുത്തരായി അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങി...വിട പറയലുകള്‍...നെടുവീര്‍പ്പുകള്‍....പ്രതീക്ഷയുടെ വലിയ ഭാണ്ടാങ്ങളുമായി കുറേപ്പേര്‍...എന്‍റെ സമയമായി...ഞാന്‍ അമ്മയോട് ചേര്‍ന്ന് നിന്നു....ആദ്യമായി സ്കൂളില്‍പ്പോകാന്‍ മടിക്കുന്ന കുട്ടിയെപ്പോലെ...പക്ഷെ പറ്റില്ല...മാതാപിതാക്കളുടെ ചിറകിന്നടിയില്‍ നിന്നും നീലാകാശതിലേക്ക് പറന്നുയരാന്‍ സമയമായി...ഇത്രയും നാള്‍ സ്വരുക്കൂട്ടിയ എന്‍റെ ചിറകിന്റെ ശക്തിയില്‍ ഞാന്‍ വിശ്വസിക്കെണ്ടാതുണ്ട്....എന്‍റെ മുന്‍പില്‍ ആരുമില്ല....ഇനി ഞാന്‍ ആണ് അകത്തേക്ക് പോകാനുള്ളത്...ഞാന്‍ പോയെതീരു...എന്‍റെ പുറകില്‍ ഇനിയും ആളുകളുണ്ട്...എന്‍റെ കവിളില്‍ക്കൂടി ഒഴുകിയ കണ്ണീര്‍ തുടച്ചത്‌ അച്ഛനാണ്....എന്നെ ചേര്‍ത്ത് പിടിച്ചു ആലിംഗനം ചെയ്തപ്പോള്‍ അച്ഛന്റെ കൈകളില്‍ ഞാന്‍ ഒരു ശിശുവായത് പോലെ തോന്നി...ആ നെഞ്ചിലെ ചൂട് എന്നെ ചുട്ടുപൊള്ളിച്ചു...അച്ഛന്റെ കൈയും ഹൃദയവും വിറച്ചുവോ..??ആ കണ്ണില്‍ നിന്നൊരു തുള്ളി അടര്‍ന്നു വീണുവോ??അറിയില്ല....അമ്മ നല്‍കിയത് നെറുകയില്‍ ഒരു ചുംബനമാണ്...മുലപ്പാലിന്റെ മാധുര്യമുള്ള ചുടു ചുംബനം....അമ്മ കരയുകയായിരിന്നു....ഞാനത് കണ്ടില്ലെന്നു നടിച്ചു....കാണാന്‍ വയ്യ....ഞാനും കരഞ്ഞു പോകും....എയര്‍പോര്‍ട്ടില്‍ ആകെ നാണം കെടും...അവസാനം പൊടിയന്‍...അവനെ കെട്ടിപ്പിടിച്ചപ്പോള്‍ അവനെന്റെ ചെവിയില്‍ പറഞ്ഞു...വിഷമിക്കണ്ട...അച്ഛനേം അമ്മേം ഞാന്‍ നോക്കിക്കോളാം...ഒരു പതിനെഴുകാരന്റെ പക്വതയില്‍ ഞാന്‍ അത്ഭുതപ്പെട്ടു....


ജീവിതത്തില്‍ ആദ്യമായി ഫ്ലൈറ്റില്‍... നെടുമ്പാശേരിയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തു...എന്‍റെ കിടക്കയെ,പുതപ്പിനെ, തലയിനയെ...എന്‍റെ ഗ്രാമത്തിലെ പൂഴി മണ്ണിനെ,കളിക്കൂട്ടുകാരെ,നീന്താന്‍ പഠിച്ച അമ്പലകുളം,ഞാന്‍ പ്രാര്‍ത്ഥിച്ച എന്‍റെ അമ്പലനടയെ,അമ്പലനടയിലെ മുക്കൂറ്റി പൂക്കളെ,കാവിലെ ഉത്സവത്തെ,മനോഹരമായ കണ്ണില്‍ വിഷാദത്തിന്റെ കല്മഷം പുരട്ടിയ ഗായത്രിയെ,എന്‍റെ കുട്ടിക്കാലം മനോഹരമാക്കിയ മുത്തശി പറഞ്ഞു തന്ന കഥകളിലെ കഥാപാത്രങ്ങളെ,അമ്മയും അച്ഛനും പഠിപ്പിച്ച സ്നേഹാക്ഷരങ്ങളെ,തീര്‍ക്കാന്‍ ബാക്കിവച്ച കവിതകളെ,പറയാന്‍ മറന്നുപോയ പ്രണയത്തെ, എന്‍റെ നെടുവീര്‍പ്പുകളെ, എന്‍റെ പ്രിയപ്പെട്ട ഗുരുക്കമാരെ,എന്ക്കെട്ടവും പ്രിയപ്പെട്ട എന്‍റെ പുസ്തകങ്ങളെ, മരിച്ചു പോയ അപ്പൂപ്പനെയും,എന്റെ നന്മ്മക്കായി പ്രാര്‍ത്ഥിച്ച എല്ലാവരെയും,എന്റെ പോടിയനെയും, എനിക്ക് പിന്നില്‍ ബാകി നില്‍ക്കുന്ന സ്വപ്നങ്ങളെയും...ഫ്ലൈറ്റ് ഉയര്‍ന്നു പൊങ്ങി....എന്റെ ഇഷ്ടങ്ങളെല്ലാം...താഴെ ഭൂമിയില്‍....ആരും കാണാതെ ഒരിറ്റു കണ്ണീര്‍ ചേര്‍ത്ത് ആ ഇഷ്ടങ്ങളെ തനിച്ചാക്കി ഞാന്‍ ഉയരുന്നു....എന്റെ കൂടെ എന്റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന മാത്രം..........(അരുണ്‍)

Wednesday, May 6, 2009

ഏകാന്തത..എന്‍ പ്രിയ തോഴി..



ഏകാന്തത,ചുറ്റും ഇരുളിന്‍റെ കനത്ത നിശ്ശബ്ദത.. അങ്ങ് ദൂരെ ഏതോ നിലാപ്പക്ഷി കേഴുന്നു..അറിയില്ല എന്നിട്ടും ഞാനീ ഏകാന്തതയെ സ്നേഹിക്കുന്നു.. കാലം എനിക്കായ്‌ വച്ച് നീട്ടിയോരെന്‍ ജീവിത- പ്പാനപാത്ത്രത്തിലെ...വീഞ്ഞിന്‍റെ കൈപ്പുനീര്‍ കുടിക്കവേ, ഏകാന്തത മാത്രമാനെന്റ്റെ തോഴി...അവളിടക്ക് പൊട്ടിച്ചിരിക്കും....ഇടക്കെന്നെ പെയ്ക്കൊലമായ്‌ വന്നു പേടിപ്പിക്കും... എങ്കിലും ഞാനിന്നവളുടെ പ്രിയ തോഴന്‍... ചിലനേരമാച്ചില്ല് കൂട്ടില്‍ തിരിയുന്ന സമയത്തിന്‍ സൂചികള്‍ നിന്നിടുമ്പോള്‍... അറിയാതെ പ്രിയതമേ നിന്നെ ഞാന്‍ കാമിച്ചിടുന്നു..നീയാണ് സത്യം... ജീവിതപ്പാതയിലോരുനാളിടറീ വീണപ്പോള്‍ നീ മാത്രമായിരുന്നെന്‍ ചാരെ നിന്നത്... നിന്‍ തോളിലാണ് ഞാന്‍ തലചായ്ച്ചുറ്ങ്ങിയത്... കൂടിനിന്നവര്‍ കൈകൊട്ടിച്ചിരിച്ചപ്പോള്‍ നീയെങ്ങോ പോയ്‌ മറഞ്ഞു... ഇരുളിന്‍റെ കൂടാരത്തില്‍ ഞാന്‍ തെങ്ങിക്കരഞ്ഞപ്പോള്‍ നീ മാത്രമായിരുന്നെന്‍ സാന്ത്വനം.... ഏകാന്തത,ചുറ്റും ഇരുളിന്‍റെ കനത്ത നിശ്ശബ്ദത.. അങ്ങ് ദൂരെ ഏതോ നിലാപ്പക്ഷി കേഴുന്നു.. അറിയില്ല എന്നിട്ടും ഞാനീ ഏകാന്തതയെ സ്നേഹിക്കുന്നു..(അരുണ്‍)

Monday, May 4, 2009

സ്വപ്നങ്ങ്ങ്ങളില്‍ ജീവിക്കാന്‍ ഞാന്‍ കൊതിച്ചിരിന്നു...ആരെയും വേദനിപ്പിക്കാതെ ആരോടും പിണങ്ങാതെ പരിഭവങ്ങള്‍ ഇല്ലാതെ.....ആകാശ നീലിമയിലെ വെള്ളിമേഘങ്ങളുടെ ഇടയിലൂടെ പറന്നു നടക്കാന്‍...ചിത്രശലഭങ്ങള്‍ക്ക്‌ മുത്തം നല്‍കാന്‍...ചിലമ്പി ഒഴുകുന്ന പുഴയോടോത്തോഴുകി നടക്കാന്‍ ....എന്റെ പ്രിയപ്പെട്ട അമ്പലനടയില്‍ ആരും കേള്‍ക്കാതെ കീര്‍ത്തനങ്ങള്‍ പാടാന്‍ .... അങ്ങനെ ഒരു നാള്‍ അവള്‍ ,നിലവിളക്കിന്റെ പരിശുദ്ധിയോടെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ....പ്രണയത്തിന്റെ സുഘമുള്ള വേദന നല്‍കി ....പിന്നെ എന്റെ വാക്കുകളും വരികളും നിറയെ അവള്‍ ആയിരിന്നു ....ഞാനെഴുതിയ കവിതകള്‍ അവള്‍ക്കു കെള്‍ക്കാനായിരിന്നു ... ആരും കാണാതെ അവളുടെ ചെവിയില്‍ മൂളാന്‍ ....അവളോട്‌ പിണക്കം അഭിനയിച്ച് കവിതയുടെ വിലയായി ഒരു മുത്തം കടം വാങ്ങാന്‍ ...ആ കടം വീട്ടാന്‍ ...ഇട വഴികളിലൂടെ ഒരു കുടക്കീഴില്‍ തകര്‍ത്ത് പെയ്യുന്ന തുലാമാസ മഴയില്‍ മുട്ടിഉരുംമി നടക്കാന്‍....അങ്ങനെ നടക്കുമ്പോള്‍ അവള്‍ എന്നെ പിച്ചുമായിരിന്നു ....വേദന പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല ...വേനലവധികള്‍ എന്നെയും ഉരുക്കുമായിരിന്നു .....കവിതകള്‍ എഴുതി വാക്കുകള്‍ തീരുമെന്ന് തോന്നുന്ന സമയം ....വിരഹം എന്ന വാക്കിനു സാഹിത്യ ഭംഗിയല്ല ഉള്ളത് എന്നെനിക്കു മനസ്സിലാക്കിത്തന്നു അവള്‍.....കാച്ചിയ എണ്ണയുടെയും തുളസി കതിരിന്ടെയും മണമുള്ള ,ഉറക്കെ ചിരിക്കുന്ന ,എന്നെ നുള്ളി നോവിച്ചിരുന്ന ,ആദ്യമായി മുത്തം നല്‍കിയ ,എന്റെ കവിതയെ സ്നേഹിച്ച ,എന്റെ സ്വന്തം കൂട്ടുകാരി ...എനിക്കുവേണ്ടി എന്തിനൊക്കെയോ അവള്‍ ആരോടൊക്കെയോ നുണ പറയുമായിരിന്നു...ആ നുണകള്‍ എന്നോട് പറഞ്ഞു ചിരിക്കുമായിരിന്നു ....ജീവിതം മുന്നോട്ടു പോയപ്പോള്‍ എനിക്കോടി എത്താന്‍ കഴിഞ്ഞില്ല ....കൗമാരം യവ്വനതിനു വഴിമാറിയത് ഞാന്‍ അറിഞ്ഞില്ല ...വിപ്ലവം കവിതയ്ക്ക് കടിഞ്ഞാണിട്ടു ...മനസ്സില്‍ ചുവപ്പ് മാത്രം ...ചോരയുടെ ചുവപ്പ്.... നിന്റെ മുഖം ഞാന്‍ മറന്നു പോയി സഘീ..പകരം താടിയും മുടിയും നീളന്‍ വസ്ത്രങ്ങളും ഉള്ള ആരൊക്കെയോ...ബീടിപ്പുകക്കൊപ്പം കഞ്ചാവിന്റെ മണവും ഞാന്‍ ഇഷ്ടപ്പെട്ടു ....ചിത്രശലഭങ്ങളെ സ്നേഹിച്ചിരുന്ന,പൈ കിടാവിനോട് കിന്നാരം പറഞ്ഞിരുന്ന,അമ്മയുടെ വികൃതി കുട്ടിയായിരിന്ന അച്ഛന്റെ പ്രിയപ്പെട്ട ഞാന്‍ മാറുകയായിരിന്നു...ജീവിതം ഇരുളടഞ്ഞ പഴയ പുസ്തകങ്ങളുടെ മണമുള്ള ഒരു മുറിയിലേക്ക് ഒതുങ്ങുകയായിരിന്നു ...പറക്കാന്‍ കൊതിച്ച ഞാന്‍ പതറുകയായിരിന്നു....എല്ലാത്തിനെയും വെറുത്തു....കഞ്ചാവിന്റെ മനം മടുപ്പിക്കുന്ന മണം എന്റെ രക്തത്തിന്ടെ ആവശ്യമാണെന്ന് തോന്നി ....വീട്ടില്‍ നിന്നും ഒരു രാത്രിയില്‍ ഇറങ്ങി ഓടിയപ്പോള്‍ എന്റെ അമ്മയുടെ നിലവിളി ഞാന്‍ കേട്ടില്ല അച്ഛന്റെ ക്ഷീണിച്ച കൈകള്‍ക്കും എന്നെ തടയാന്‍ പറ്റിയില്ല...ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല എനിക്ക്...കഞ്ചാവ് മാത്രമായിരിന്നു ശിരസ്സില്‍ ....വേദനയുടെയും വിശപ്പിന്റെയും നീണ്ട വര്‍ഷങ്ങള്‍...മടുപ്പിക്കുന്ന മരവിപ്പ്...തെരുവുകള്‍...വിശപ്പ്‌ തീര്‍ക്കാന്‍...പ്രായം എന്നിലേക്ക് കുത്തി വച്ച കാമ വികാരം തീര്‍ക്കാന്‍...അലഞ്ഞു തിരിഞ്ഞു നടന്ന കാലത്ത് നിന്നെ ഞാന്‍ മറന്നു കൂട്ടുകാരി....എന്നാല്‍ ഇപ്പോള്‍ ഈ വൈകിയ നേരത്ത് ഞാന്‍ വന്നു....കാലം ഏറെ കഴിഞ്ഞിരിക്കുന്നു...നാട് വളരെ മാറിപ്പോയ്‌....നിറഞ്ഞൊഴുകിയ പുഴ ഇന്നില്ല...ചിത്രശലഭങ്ങളേയും കണ്ടില്ല...അല്ല ഞാന്‍ ശ്രദ്ധിച്ചില്ല....മനസ്സ് നിറയെ ഒരു വേദന മാത്രമായിരിന്നു....നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മണ്ണിലേക്ക്...നിന്നെ കാണാന്‍ കൊതിയുണ്ട് പക്ഷെ അറിയില്ല....ഒന്നും അറിയില്ല......പാപഭാരം മുഴുവന്‍ എന്റെ തല പൊളിക്കുന്നു....എല്ലാ പാപങ്ങളുടെയും ശിക്ഷ സ്വയം ഏറ്റു വാങ്ങിയ യേശുദേവന്റെ കഥ എവിടെയോ വായിച്ചിരുന്നതായി ഓര്‍മ്മയുണ്ട്....ക്രിസ്തുവും കൃഷ്ണനും വിപ്ലവത്തിന്റെ പ്രതീകങ്ങലാനെന്നു സഘാവ് ചാക്കോചേട്ടന്‍ പറയുമായിരിന്നു..പാവം ആദര്‍ശ വാദി ആയിരിന്നു...തികഞ്ഞ കമ്മുഇനിസ്ട്കാരന്....മകന്‍ ചവിട്ടിക്കൊന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു...അതിര്‍ത്തിതര്‍ക്കം....മണ്ണിന്‍റെ വിലക്ക് മുന്‍പില്‍ ജന്മം തന്നവര്‍ക്കെന്തു വില....ഓര്‍മ്മകള്‍ പെട്ടെന്ന് പിന്നിലേക്ക് പോയി...ചിലപ്പോളൊക്കെ ഓര്‍മ്മകള്‍ എനിക്കിഷ്ടമാണ്...ഓര്‍മകള്‍ നഷ്ടങ്ങളാണ്...തിരിച്ചു കിട്ടാത്ത നഷ്ടങ്ങള്‍....അല്ലെങ്കില്‍ നഷ്ടങ്ങളുടെ കണക്കു പുസ്തകം....ഓര്‍മകള്‍ക്ക് മേല്‍ മറവിയുടെ കരിമ്പടം പുതക്കാന്‍ ഞാന്‍ പഠിച്ചിരിന്നു.....മിക്കപ്പോളും ആ ചൂടുള്ള കരിമ്പടം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു...വിശപ്പാണ് മറവിയുടെ കൂടുകാരന്‍ എന്ന് ഏതോ പുസ്തകത്തില്‍ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു...വീണ്ടും ഓര്‍മ്മകള്‍....മറവിയെ മറക്കുന്നു...വീടിന്‍റെ മുന്‍പില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല...എന്‍റെ വീട് വളരെ മാറിയിരിക്കുന്നു...പടിപ്പുര പൊളിഞ്ഞു വീഴാറായി...തെക്കേടത്ത് തറവാട് നിന്ന സ്ഥലത്ത് അതിന്‍റെ അസ്ഥിക്കൊലം മാത്രം.....ഓര്‍മ്മകള്‍ വീണ്ടും മറവിയെ തോല്‍പ്പിക്കുന്നു.....വേണ്ടാ...മറവിയുടെ ചൂടിനാണ് സുഖം...അച്ഛന്റെയും അമ്മയുടെയും മരണം അറിഞ്ഞപ്പോള്‍ കരഞ്ഞില്ല...കല്‍ക്കട്ടയില്‍ ഒരു തീപ്പെട്ടി ഫാക്ടറിയില്‍ നില്‍ക്കുമ്പോളാണ് അറിഞ്ഞത്...കൂടെ ജോലി ചെയ്യുന്ന ബാലന്‍ ചേട്ടന്‍ എന്‍റെ നാട്ടുകാരനായിരിന്നു..വള്ളക്കാരന്‍. മാധവന്‍റെ മൂത്ത മകന്‍...എന്നെ നീന്താന്‍ പഠിപ്പിച്ചത് ഇയാളുടെ അനുജനായിരിന്നു...പപ്പന്‍...പത്മനാഭന്‍...അവന്‍റെ പുക്കിള്‍ വലുതായിരിന്നു അത്രേ ചെറുപ്പത്തില്‍ അവന്‍റെ അപ്പൂപ്പന്‍ ഇട്ട പേരാണ് പത്മനാഭന്‍ ....ചുരുക്കത്തില്‍ പപ്പന്‍ എന്ന് വിളിക്കും..എന്നെ അവനു വലിയ ഇഷ്ടമായിരിന്നു...അവന്‍റെ അമ്മ ഉണ്ടാക്കുന്ന നല്ല മീന്‍ വറത്തതും മറ്റും എനിക്ക് കൊണ്ടുതരുമായിരിന്നു...ഒരിക്കല്‍ പുഴക്കരയില്‍ ഇരിന്നു നല്ല മീന്‍ കൊഴുവ കസീക്കുകയായിരിന്ന ഞങ്ങളെ എന്‍റെ ശ്രീധരന്‍ അമ്മാവന്‍ കണ്ടു...അന്ന് വീട്ടില്‍ അമ്മയുടെ കൈയില്‍ നിന്ന് പുളിവടി കൊണ്ടാടി കിട്ടി....അവരൊക്കെ താണ ജാതിക്കാരാത്രേ...ആരായാലും എന്‍റെ കൂട്ടുകാരനല്ലേ.. പപ്പന്റെ അമ്മ വക്കുന്നപോലെ കറിയും വയ്ക്കില്ല എന്നിട്ട് കൊതി മൂത്ത് തിന്നതിന് അടിയും...അന്നാണ് ഞാന്‍ ആദ്യമായി അമ്മയെ ശപിച്ചത്‌...കുട്ട്യോള് ശപിചാലോന്നും പറ്റൂല്ലാന്ന് പപ്പന്‍ പറഞ്ഞപ്പോള്‍ ശാപം ഫലിക്കാന്‍ കാവിലെ ദേവിക്ക് ഒരു കുട്ട പൂവും നെര്‍ന്നിരിന്നു...ദേവിക്ക് ഒരു കുട്ട പൂവ് നേര്‍ന്നാല്‍ എല്ലാം നടക്കും എന്ന ബുദ്ധി പറഞ്ഞു തന്നതും പപ്പന്‍...പുറകില്‍ ആരോ തൊട്ടപോലെ തോന്നി...ഇല്ല തോന്നല്‍ മാത്രം...വീടിന്റെ പടിപ്പുരക്കു മുന്‍പില്‍ നിന്നും പപ്പനിലേക്ക് മനസ്സുപോയ വഴിയോന്നാലോചിച്ചു നോക്കി..ഭൂതകാലത്തിന് നിറങ്ങളില്ല....എല്ലാം ഒരു മങ്ങല്‍ മാത്രം....ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് പപ്പന്‍ തടി വക്കാന്‍ തുടങ്ങിയത്...എന്തോ വ്യാധിയാനെന്നമ്മ പറഞ്ഞു...ദീനം കൂടി സ്കൂളില്‍ വരാതെയായി...ഒരു ഓണാവധിക്ക് അവന്‍ മരിച്ചു...ആദ്യമായി മരണവീട്ടില്‍ പോയാതന്നാണ്...മരണത്തിനു ചന്ദനത്തിരിയുടെ മണം..പപ്പന്‍ വല്ലാതെ തടിച്ചു വീങ്ങിയിരിന്നു...അനക്കമില്ലാതെ അവന്‍ കിടന്നത് രാത്രികളില്‍ എന്നെ പേടിപ്പിച്ചിരിന്നു...മരിച്ചു കഴിഞ്ഞാല്‍ എങ്ങോട്ട് പോകും എന്നാലോചിച്ചു ഓണാവധി തള്ളി നീക്കി...വീണ്ടും ഓര്‍മ്മകള്‍....ഓര്‍മ്മയില്‍ നിന്നും പുറത്തേക്കു ചാടാന്‍ ഒരു ബുദ്ധിമുട്ട്...ഒരു തരത്തില്‍ ഓര്‍മ്മകളും സ്വപ്‌നങ്ങള്‍ ആണ്...നിറങ്ങള്‍ ഇല്ലാത്ത സ്വപ്‌നങ്ങള്‍....ചിലപ്പോള്‍ കണ്ണീരിന്റെ ചിലപ്പോള്‍ തമാശകളുടെ ഉപ്പും മധുരവും...വീടും പുരയിടവും ഇപ്പോള്‍ വേറെ ആരുടെയോ ആണ്....ആരുടെ എന്നറിയില്ല...മണ്ണിനു പുതിയ അവകാശികള്‍..അതങ്ങനെ ആണ്..അവകാശികള്‍ മാറണം..ഒന്നും ഒരിക്കലും ആര്‍ക്കും സ്വന്തമല്ല...നാളെ മറ്റാരെങ്കിലും...വിറയ്ക്കുന്ന മനസ്സും കാലുമായി ഞാന്‍ പടിപ്പുര കടന്നു...ആരെയും പുറത്തു കാണുന്നില്ല...ആ മണ്ണിന്റെ ഇളം ചൂടുള്ള മാറില്‍ ചവിട്ടിയപ്പോള്‍ ഭൂതകാലത്തിന്റെ കാല്‍പ്പാദങ്ങള്‍ പിന്തുടരുന്നതുപോലെ തോന്നി...ഹൃദയവും കൈകളും തുടിക്കുന്നു ഒരു പിടി മണ്ണ് വാരാന്‍ പക്ഷെ ഈ മണ്ണിലെ ഓര്‍മ്മകള്‍ മാത്രമാണെന്റെ സ്വന്തം...ബാക്കിയെല്ലാം പോയി...ആരൊക്കെയോ കൈവശപ്പെടുത്തി....എന്നാലും ഓര്‍മ്മകള്‍ എന്റെയാണ്...അതില്‍ ആര്‍ക്കും അവകാശമില്ല...അതൊരു അഹങ്കാരമായി മനസ്സില്‍ തോന്നി....ഈ മണ്ണ് ഞാന്‍ ചെറുപ്പത്തില്‍ കുറെ തിന്നിട്ടുണ്ട്...അതിനു അമ്മയുടെ കൈയില്‍ നിന്നടിയും കൊണ്ടിട്ടുണ്ട്..എന്തിനാണ് ഞാന്‍ തിന്നതെന്നറിയില്ല..മണ്ണിന്റെ ഉപ്പു രസം അതെനിക്കിഷ്ടമായിരിന്നു...പപ്പന്റെ അമ്മ വയ്ക്കുന്ന മീന്‍ കറി പോലെ...പിന്നെപ്പോഴോ മണ്ണ് തീറ്റ നിര്‍ത്തി...ഇപ്പോള്‍ ഒരു കൊതി തോന്നുന്നു...വേണ്ട...ഓര്‍മ്മകള്‍ മാത്രമാണ് സ്വന്തം മണ്ണിന്റെ അവകാശികള്‍ വേറെയാണ്...ആരോ വീട്ടില്‍ നിന്നിറങ്ങി വന്നു....അറുപതിനോടടുത്തു പ്രായം തോന്നുന്ന ഒരു മനുഷ്യന്‍..വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...ആരാണെന്നുള്ള ചോദ്യത്തിനെന്തു പറയും എന്നാലോചിച്ചു...ഉത്തരം കിട്ടിയില്ല...അങ്ങനെയാണ് ചില ചോദ്യങ്ങള്‍ ,ചോദ്യങ്ങള്‍ മാത്രമാണ്....ഉത്തരമില്ല...അയാളുടെ കിഴവന്‍ കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി...ആരാ??"ഞാന്‍ അപ്പു....ഇവിടെ താമസിച്ചിരുന്ന കൃഷ്ണപിള്ളയുടെ മകന്‍..".ആ കിഴവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു..."നാട് വിട്ടു പോയാ???..."അതെ ഞാന്‍ തന്നെ..""കേറി വരൂ.."...ആ വിളി എന്‍റെ മനസ്സിനെ ഉലച്ചു...കേറാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല...ഒന്നും മിണ്ടാതെ ഞാന്‍ അകത്തേക്ക് കേറി...സ്വപ്നം സത്യമായത്‌ പോലെ...അകത്തേക്ക് കയറിയപ്പോള്‍ ഹൃദയമിടിപ്പ്‌ കൂടിയോ??അറിയില്ല...യാന്ത്രികമായി ഞാന്‍ അയാള്‍ നീക്കിയിട്ട്‌ തന്ന കസേരയില്‍ ഇരിന്നു...ഭിത്തിയുടെ നിറം മങ്ങിപ്പോയി...കുമ്മായം അടര്‍ന്നു പോയിരിക്കുന്നു...എന്നെ ഇരുത്തിയിട്ട് അയാള്‍ അകത്തേക്ക് പോയി...അകത്തെന്തൊക്കെയോ കുശുകുശുക്കുന്നു...ധാരാളം ഫോട്ടോകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നു...അതില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം...അതെ അവള്‍..എന്‍റെ കളിക്കൂട്ടുകാരി...കമല..എന്‍റെ തല ചുറ്റുന്നോ??ഓര്‍മ്മകളും മറവിയും ഒളിച്ചു കളിക്കുന്നു....അവളുടെ പടം ഇവിടെ..???"ബോംബേല്‍ ആയിരിന്നല്ലെ"....???ആ ചോദ്യം കേട്ടാണ് ഞാന്‍ അമ്പരപ്പില്‍ നിന്നുണര്‍ന്നത്‌..."അല്ല കല്‍ക്കട്ടയില്‍..ഞാന്‍ പറഞ്ഞു...തന്തേം തള്ളേം മരിച്ചിട്ടും വന്നില്ല അല്ലെ??ഞാന്‍ ഒന്നും മിണ്ടിയില്ല...ഇതാരാ..??ഈ ഫോട്ടോയില്‍ ???അതെന്റെ മോളാ...അയാള്‍ പറഞ്ഞു...ഞാന്‍ തരിച്ചു പോയി..."കുമാരേട്ടന്‍??ഞാന്‍ ചോദിച്ചു..."അതെ"..കമല ഇപ്പോള്‍ എവിടെയാ??മരിച്ചു അല്ല കൊന്നു...എന്‍റെ ശ്വാസം നിന്നുപോയി...എങ്ങ....എങ്ങനെ?സ്ത്രീധനം....അത് പറഞ്ഞപ്പോള്‍ കുമാരേട്ടന്റെ കണ്ണ് നിറഞ്ഞിരിന്നു..."ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു..അവനിപ്പോള്‍ ജയിലിലാ...തോര്‍ത്ത്‌ കൊണ്ട് കുമാരേട്ടന്‍ കണ്ണ് തുടച്ചു...അപ്പോളേക്കും അകത്തുനിന്നും ഒരു പെണ്‍കുട്ടി ചായയുമായി വന്നു...അവള്‍ക്കൊരു എട്ടൊമ്പത് വയസ്സ് പ്രായം കാണും..."ഇത് കമലെടെ മോളാ".കുമാരേട്ടന്‍ പറഞ്ഞു..എനിക്ക കുട്ടിയോട് മിണ്ടാനുള്ള ശക്തിയില്ലയിരിന്നു....ശബ്ദം നിയന്ത്രിച്ചു ഞാന്‍ ചോദിച്ചു..ആരാണ് കമലയുടെ...???"അറിഞ്ഞു കൂടെ പാരെക്കാട്ടില്‍ പണിക്കരുടെ മോന്‍ വാസു...കാലനാ അവന്‍...അവനു ദൈവം കൊടുത്തു...ഇപ്പോള്‍ പ്രാന്തായെന്നു പറയുന്നു...ജയിലില്‍ ചികില്സിക്കുന്നെന്ന പറയുന്നേ....ചാവണം അവന്‍....നായിന്റെ മോന്‍...തനിക്കറിയില്ലേ അവനെ??"ഇല്ലാ"പെട്ടെന്ന് തന്നെ ഞാന്‍ അവിടെ നിന്ന് ഇറങ്ങി...മനസ്സ് മുഴുവന്‍ കമല അല്ല..വാസു...സഘാവ് വാസു...കമ്മ്യൂണിസം സ്വന്തം വികാരമായി കണ്ട വാസു...അല്ല സഘാവ് വാസു....അയാളുടെ ഭാര്യ കമല??വിവാഹം വേണ്ട അതൊക്കെ കെട്ടുപാടുകള്‍ ആണെന്ന് പറഞ്ഞിരിന്ന വാസു....കമ്മ്യുണിസ്റ്റ്‌ മാനിഫെസ്ടോ മനപ്പാഠം ആയിരിന്ന വാസു...പുതിയ സഘാക്കള്‍ക്ക് അറിവ് പകര്‍ന്നിരിന്ന വാസു...തിരിച്ചു ലോഡ്ജിലേക്ക് പോകുമ്പോള്‍ ദൂരം കൂടുതലായിരിന്നോ??അറിയില്ല..."അറിവാണ്‌ വെളിച്ചം അന്ധകാരത്തില്‍ കഴിയുന്നത്‌ ഭൂര്ഷാസികള്‍ ആണ്...അറിവ് നേടാന്‍ ത്വര വേണം...കണ്ണ് തുറന്നു ലോകം കാണണം...പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്നുള്ള അറിവാണ്‌ കമ്മ്യുനിസ്ടുകാരന്റെ വെളിച്ചം...അവര്‍ക്ക് വേണ്ടി പൊരുതണം...ബാലവേലക്കെതിരെ സ്ത്രീ സമത്വത്തിനു വേണ്ടി പൊരുതണം...സഘാകളെ വിവാഹം കഴിക്കുന്നെന്കില്‍ അറിവുല്ലവളെ ആയിരിക്കണം....നിങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങലുമായി സ്ത്രീക്ക് ഒത്തു പോകാന്‍ കഴിയണം...അവളും മനുഷിഅങണം ആണെന്നുള്ള തിരിച്ചറിവ് വേണം...സ്ത്രീ ആണ് ധനം....നോ ടവറി ഫോര്‍ എ ഗുഡ്‌ കമ്മ്യൂണിസ്റ്റ്‌ ഫോല്ലോവേര്‍ ...."വാസുവിന്റെ ക്ലാസുകള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മകലായെത്തി...